മിനുട്സ് തിരുത്തി; ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
തലപ്പുഴ: ബോര്‍ഡ് മീറ്റിങ്ങിന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യം മിനുട്സില്‍ എഴുതി ചേര്‍ത്തുവെന്നും മിനുട്സ് നല്കാന് വൈകിപ്പിച്ചെന്നും ആരോപിച്ച് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ് ജോണിനെ പ്രതിപക്ഷ അംഗങ്ങള്‍ ഉപരോധിച്ചു. ജൂലൈ 29ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങിന്റെ മിനുട്സ് കോപ്പി ആവശ്യപ്പെട്ടിട്ടും നല്കാന് സെക്രട്ടറി തയാറായിരുന്നില്ല. കഴിഞ്ഞ ബോര്‍ഡ് മീറ്റിങ്ങിലും ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മൂന്ന് ദിവസത്തിനകം നല്‍കാമെന്ന് പ്രസിഡന്റും സെക്രട്ടറിയും ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സമരം.
അജണ്ടയില്‍ ഇല്ലാതിരുന്ന കോര്‍പ്പസ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിനുട്സില്‍ എഴുതി ചേര്‍ക്കുകയായിരുന്നുവെന്നും ഇതിനാലാണ് മിനുട്സ് കോപ്പി ആദ്യം നല്കാന് തയാറാകാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് ലിസി ജോസ് പറഞ്ഞു. മിനുട്സില്‍ എഴുതി ചേര്‍ത്ത കാര്യങ്ങള്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി രേഖാമൂലം എഴുതി നല്കിയ തൊടെയാണ് 12.30ന് ആരംഭിച്ച സമരം മൂന്ന് മണിയോടെ അവസാനിപ്പിച്ചത്. എം.ജി ബാബു, ശശികുമാര്‍, റഫീഖ് കൈപ്പണി, എല്‍.സി ജോയ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."