കടന്തറപ്പുഴ; നാട്ടുകാരുടെ ചതിയന്‍പുഴ
കുറ്റ്യാടി: പശുക്കടവ് മലയില്‍ വന്‍ ദുരന്തം വരുത്തിവച്ച കടന്തറപ്പുഴയെ നാട്ടുകാര്‍ വിളിക്കുന്നത് ചതിയന്‍പുഴയെന്നാണ്. നിരവധി മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്ത പുഴയുടെ സ്വഭാവം എപ്പോഴാണ് മാറുന്നതെന്ന് പറയാന്‍ കഴിയില്ല. നാട്ടില്‍ നല്ല വെയിലും തെളിഞ്ഞ കാലാവസ്ഥയുമുണ്ടാകുമ്പോള്‍ പോലും കടന്തറപ്പുഴയിലെ ജലവിതാനം ഉയരാറുണ്ട്. അലക്കാനും കുളിക്കാനും പുഴയില്‍ ഇറങ്ങുന്ന നാട്ടുകാര്‍ക്ക് പുഴയുടെ ഈ മാറ്റം പെട്ടെന്ന് മനസിലാകും. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി വന്‍തോതില്‍ വെള്ളം ഒഴുകിയെത്തുമ്പോഴോ വനമേഖലയില്‍ ശക്തമായി മഴ പെയ്യുമ്പോഴോ ഈ പ്രതിഭാസമുണ്ടാകുക.
പുഴയുടെ ശബ്ദത്തില്‍ ഉണ്ടാകുന്ന മാറ്റം, നുരഞ്ഞ് പതഞ്ഞുള്ള ഒഴുക്ക്, വെള്ളത്തിനുണ്ടാകുന്ന നിറവ്യത്യാസം ഇവ മനസിലാക്കിയാണ് നാട്ടുകാര്‍ പുഴയില്‍ നിന്ന് രക്ഷപ്പെടാറുള്ളതെന്ന് പ്രദേശത്തെ താമസക്കാരായ സ്ത്രീകള്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട കോതോട് സ്വദേശികളായ യുവാക്കള്‍ക്ക് പുഴയുടെ ഈ പ്രതിഭാസത്തെക്കുറിച്ച് അറിയുമായിരുന്നില്ല.
വയനാട് പടിഞ്ഞാറെത്തറ മേഖലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലിലാണ് കഴിഞ്ഞദിവസം കടന്തറപ്പുഴ കലിതുള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."