വിഷം കഴിച്ചതായി സംശയം; സ്റ്റേഷനില്‍ ഹാജരായ പ്രതി കുഴഞ്ഞു വീണു
കാഞ്ഞങ്ങാട്: ഏറെനാളായി പൊലിസിനെ വെട്ടിച്ചു മുങ്ങിനടന്ന ശേഷം സ്റ്റേഷനില്‍ ഹാജരായ പ്രതി കുഴഞ്ഞു വീണു. വിഷം കഴിച്ചുവെന്ന സംശയത്തില്‍ പൊലിസ് പ്രതിയെ ആശുപത്രിയിലാക്കി. കനകപ്പള്ളിയിലെ പരേതനായ ചന്ദ്രന്റെ മകന് കുഞ്ഞിക്കണ്ണനാണ് (32) പൊലിസ് സ്റ്റേഷനില്‍ ഹാജരായ ശേഷം കുഴഞ്ഞു വീണത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. അടിപിടി ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ കുഞ്ഞിക്കണ്ണന് പൊലിസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. കംപ്രസ്സര്‍ തൊഴിലാളിയായ ഇയാളെ പിടികൂടാന്‍ പലതവണ പൊലിസ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
ഇയാളുടെ വീട്ടിലും പൊലിസ് പോയെങ്കിലും കുഞ്ഞിക്കണ്ണനെ കണ്ടുകിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം പൊലിസ് ഇയാളെ ഫോണില്‍ വിളിച്ച് ഇന്നലെ രാവിലെ 10 നു മുമ്പായി സ്റ്റേഷനില്‍ ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഇന്നലെ കുഞ്ഞിക്കണ്ണന് എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് കഴിച്ച് സ്റ്റേഷനിലേക്ക് ഓടിക്കയറിയതെന്നാണ് പറയുന്നത്. സ്റ്റേഷനില്‍ കുഴഞ്ഞു വീണ കുഞ്ഞിക്കണ്ണനെ പൊലിസ് ഉടന്‍ തന്നെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ട് പോയി. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടു പോയി.
എന്നാല്‍ കുഞ്ഞിക്കണ്ണന് വിഷം കഴിച്ചതായ സൂചനയൊന്നും വെള്ളരിക്കുണ്ടിലെ ആശുപത്രി അധികൃതര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇയാളെ വിദഗ്ദ പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നു വെള്ളരിക്കുണ്ട് പൊലിസ് പറഞ്ഞു.
സ്റ്റേഷനിലെത്തിയ പ്രതി വിഷം കഴിച്ചതായി പറഞ്ഞു അഭിനയിച്ചതായി സംശയിക്കുന്നതായും പൊലിസ് പറഞ്ഞു.
കുഞ്ഞിക്കണ്ണന് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."