മഴ ചതിച്ചു; കാര്‍ഷിക മേഖല പ്രതിസന്ധിയില്‍
കുന്നുംകൈ: ഇടയ്ക്കിടെയുള്ള മഴ കാരണം കാര്‍ഷിക മേഖല പ്രതിസന്ധിയിലാകുന്നു. കാര്ഷികോല്പന്നങ്ങളുടെ വിലയിടിവു കാരണം പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്കു കൂനിന്മേല്കുരുവായി ഉല്പാദനത്തിലുണ്ടാകുന്ന കുറവ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു . റബറിനു വില കുറവായതിനാല്‍ ഭൂരിഭാഗം കര്‍ഷകരും മഴക്കാലത്ത് റെയില്‍ ഗാര്‍ഡ് പിടിപ്പിച്ച് ടാപ്പിങ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. മഴകുറഞ്ഞ് ടാപ്പിങ് ആരംഭിക്കുമ്പോഴേക്കും മഴ വന്നതതിനാല് റബറിന്റെ പട്ടമരത്തിനും ചീക്ക് രോഗത്തിനും കാരണമായിട്ടുണ്ട്.
ഇടക്കിടെയുള്ള മഴകാരണം അടക്ക കര്‍ഷകരും പ്രതിസന്ധിയിലാണ്. അടക്ക വിളവെടുത്ത് ഉണങ്ങാനിടുന്ന സമയത്ത് മഴപെയ്തത് ഉണക്കാനിട്ട അടക്ക കേടായി പോകാന്‍ കാരണമാകുന്നുണ്ട്. മഴ നനഞ്ഞ അടക്കയ്ക്കു നല്ല അടക്കയ്ക്കു കിട്ടുന്നതിന്റെ പത്തിലൊന്നു വില പോലും ലഭിക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അടക്ക ഉല്പാദിപ്പിക്കുന്ന ജില്ലയായിട്ടും ഇത്തവണ വന്‍ കുറവാണ് ഉല്പാദനത്തിലുണ്ടായിട്ടുള്ളത്.
ചില പ്രദേശങ്ങളില്‍ മഹാളി രോഗവും പടരുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. തുടര്‍ച്ചയായുണ്ടാകുന്ന മഴനിമിത്തം കര്‍ഷകര്‍ അടക്ക ഉണക്കാന്‍ മഴമറയുണ്ടാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഇതോടൊപ്പം കുരുമുളക് വിളവെടുക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഉണ്ടായ മഴ മുളകിന് ഈച്ച അക്രമിച്ച് പൊള്ളാകുന്നതിനു കാരണമാകുന്നുണ്ട്. മുളക് കൊഴിഞ്ഞു പോകുന്നതും മലയോരത്തു വ്യാപകമാണ്. കുരുമുളകിന്റെ വില ഇടിച്ചിലിന് പുറമേയാണു ദ്രുതവാട്ടം പോലുള്ള രോഗങ്ങള്‍ കൃഷിയെ ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി നാളികേരത്തിന്റെ വിലയും കുറഞ്ഞു വരികയാണ്. സര്‍ക്കാറിന്റെ പച്ചതേങ്ങ സംഭരണം കാര്യക്ഷമമല്ലാത്തതിനാല്‍ കേര കര്‍ഷകരും ദുരിതത്തിലാണ്. കാര്‍ഷിക രംഗത്തെ പ്രതിസന്ധി വ്യാപാര മേഖലയെയും നിര്‍മാണമേഖലയെയും ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."