കാറിലിടിച്ച ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു; മൂന്നു പേര്‍ക്കു പരുക്കേറ്റു
കാഞ്ഞങ്ങാട്: കാറിലിടിച്ച ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കു പരുക്കേറ്റു. കാസര്‍കോട് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി പി തമ്പാന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അസൈനാര്‍ എന്നിവര്‍ സഞ്ചരിച്ച കാറിലാണ് കാസര്‍കോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയിടിച്ചത്. കാറിലിടിച്ച ലോറി മറ്റൊരു കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഒന്‍പതോടെ ദേശീയ പാതയിലെ പുല്ലൂര്‍ പൊള്ളക്കട വളവിലാണ് അപകടം. അപകടത്തില്‍ ഡിവൈ.എസ്.പി തമ്പാനു നിസാര പരുക്കേറ്റു. പരുക്കേറ്റ ലോറി ഡ്രൈവറെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. അമ്പലത്തറ പൊലിസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
പുല്ലൂരിനും ചാലിങ്കാലിനുമിടയില്‍ വാഹാനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. വളവ് തിരിവുകളുള്ള പാതയും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറക്കുന്ന തരത്തില്‍ പാതയോരത്തു കൂറ്റന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതും ഈ മേഖലയില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ മേഖലയില്‍ അഞ്ചോളം അപകടങ്ങളാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."