ആര്‍.എസ്.എസ് വിഭാഗീയത വളര്‍ത്തുന്നു: ബേബി ജോണ്‍
ശ്രീകണ്ഠപുരം: മാനവരെല്ലാം ഒന്നായി കാണുന്ന സങ്കല്‍പത്തിന്റെ ഓര്‍മയ്ക്കായി മലയാളികള്‍ ആഘോഷിക്കുന്ന ഓണം പോലും വര്‍ഗീയതക്കും വിഭാഗിയതക്കും ഉപയോഗിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍. ശ്രീകണ്ഠപുരത്ത് കെ.എസ്.കെ.ടി.യു ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണ്യാധിപത്യ കോര്‍പറേറ്റ് താല്‍പര്യ സംരക്ഷകരായ സംഘ്പരിവാര്‍ ശക്തികള്‍ മാംസത്തിന്റെ പേരില്‍ ദലിത് ന്യൂനപക്ഷ പീഡനം നടത്തുമ്പോള്‍ സാക്ഷാല്‍ ശ്രീരാമന്‍ മാംസം കഴിച്ചതായി എഴുത്തച്ഛന്റെ രാമായണ പരിഭാഷയില്‍ കാണുന്നത് ഓര്‍ക്കണമെന്നും ബേബി ജോണ്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ബി രാഘവന്‍, വി നാരായണന്‍, ടി.കെ ഗോവിന്ദന്‍, പി.വി ഗോപിനാഥ് പ്രസംഗിച്ചു.
പ്രകടനം ഓടത്ത് പാലത്തില്‍ നിന്നും കോട്ടൂരില്‍ നിന്നും ആരംഭിച്ച് പൊതുസമ്മേളന നഗരിയായ ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡിലെ പൊതുസമ്മേളന നഗരിയില്‍ പര്യവസാനിച്ചു. അനുബന്ധ പരിപാടിയുടെ ഭാഗമായി ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നെല്ല് കുത്തല്‍ മത്സരത്തില്‍ ടി സുശീലയും നാട്ടിപാട്ടില്‍ സി.പി കല്യാണിയും ഓല മെടയലില്‍ എന്‍.കെ ചന്ദ്രമതിയും തെങ്ങ്കയറ്റത്തില്‍ നിഖില്‍ മണ്ണേരിയും ഒന്നാം സമ്മാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉപഹാരം നല്‍കി. എന്‍ ചന്ദ്രന്‍(പ്രസി.), മേരി ചാക്കോ (സെക്രട്ടറി), വി നാരായണന്‍: (വൈസ് പ്രസി.), എം ശ്രീധരന്‍(ജോയന്റ് സെക്രട്ടറി), ചന്ദ്രന്‍ കീഴുത്തള്ളി(ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 62 അംഗ ജില്ലാകമ്മിറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."