മഞ്ഞോടി മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം: എതിര്‍പ്പുമായി സംയുക്ത സമര സമിതി
തലശ്ശേരി: മഞ്ഞോടിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച് പണിത ആധുനിക മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സംയുക്ത സമര സമിതി രംഗത്ത്. മലിനജലം ഒഴുകിപോകാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടില്ല. മത്സ്യം കയറ്റാനും ഇറക്കാനുമായി ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ എത്തുന്നതോടെ നേരത്തെതന്നെ ഗതാഗത തടസമുള്ള മഞ്ഞോടിയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിക്കുമെന്നും സമര സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ഞോടിയും ചുറ്റുവട്ട പ്രദേശങ്ങളും ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശമാണ്. നഗരപരിധിയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലമാണ് മഞ്ഞോടി ഉള്‍കൊള്ളുന്ന തിരുവങ്ങാട് പ്രദേശമെന്നും ഏറെ പഴക്കമുള്ള പുരാതന തിരുവങ്ങാട് ക്ഷേത്രം നിര്‍ദ്ദിഷ്ഠ മത്സ്യമാര്‍ക്കറ്റില്‍ നിന്നു 30 മീറ്റര്‍ അകലെയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ 32 മുറികള്‍ മത്സ്യസംഭരണ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. തിരുവങ്ങാട് വില്ലേജ് ഓഫിസര്‍ തലശ്ശേരി സബ് കലക്ടര്‍ക്ക് 2014ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെട്ടിടം പണിയുന്ന ഘട്ടത്തില്‍ പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഉദ്ഘാടനം നടത്തുന്നത് ഭാവിയില്‍ സ്ഥിരമായ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും സമിതി വ്യക്തമാക്കി. എന്‍ ഹരിദാസ്, കെ.എന്‍ സുബ്രഹ്മണ്യന്‍, ഇ വത്സരാജ്, വൈ രാജഗോപാല്‍, എടത്തട്ട ബാബു, തച്ചോളി അനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."