കര്‍മസമിതിയുടെ കിയാല്‍ ഓഫിസ് മാര്‍ച്ച് മാറ്റി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ സ്ഫോടനത്തില്‍ കേടുപറ്റിയ വീടുകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കാര-കല്ലേരിക്കര കര്‍മസമിതി ഇന്നു കിയാല്‍ പ്രൊജക്ട് ഓഫിസിലേക്കു നടത്താനിരുന്ന മാര്‍ച്ച് മാറ്റി. പ്രശ്നത്തില്‍ മന്ത്രി ഇ.പി ജയരാജനും പി.കെ ശ്രീമതി എം.പിയും ഇടപെടുകയും ഉടന്‍ നഷ്ടപരിഹാരം നല്‍കാനും നഷ്ടപരിഹാരം അപര്യാപ്തമാണെന്നു പരാതിയുള്ളവരുടെ വീടുകള്‍ വീണ്ടും പരിശോധിക്കാനും തീരുമാനമായതോടെയാണു സമരം മാറ്റിയത്. 210 പേര്‍ക്കുള്ള നഷ്ടപരിഹാരമായ 33 ലക്ഷം രൂപയുടെ ചെക്ക് ഇന്നു വൈകുന്നേരം 3.30ന് കീഴല്ലൂര്‍ വില്ലേജ് ഓഫിസില്‍ എത്തിക്കുമെന്നു കലക്ടര്‍ മിര്‍ മുഹമ്മദലി ഉറപ്പ് നല്‍കിയിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം അനുവദിച്ചില്ലെന്ന പരാതിയുള്ളവരുടെ വീടുകള്‍ വീണ്ടും പരിശോധിക്കാന്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും എന്‍ജിനിയറിങ് വിഭാഗത്തിനു കലക്ടര്‍ നിര്‍ദേശം നല്കി.വിമാനത്താവള പദ്ധതിപ്രദേശത്തെ ചെങ്കല്‍പാറ വന്‍തോതില്‍ വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിനെ തുടര്‍ന്നാണു കാര, കല്ലേരിക്കര പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്കു നാശമുണ്ടായത്. പല വീടുകള്‍ക്കും കണക്കാക്കിയ നഷ്ടപരിഹാരം തുച്ഛമായതും പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്നാണു നാട്ടുകാരുടെ കര്‍മസമിതി സമരം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."