മയക്കു ഗുളിക കഴിച്ച് വിദ്യാര്‍ഥിയുടെ മരണം; രണ്ടു പേര്‍ പൊലിസ് കസ്റ്റഡിയില്‍
കയ്പമംഗലം: മയക്കു ഗുളിക കഴിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് മയക്കു ഗുളിക എത്തിച്ചു കൊടുത്ത വലപ്പാട് ആനവിഴുങ്ങി സ്വദേശിയും വലപ്പാട് പൊലിസ് സ്‌റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കണ്ണോത്ത് അപ്പു മകന്‍ മധു (31) നെയും എടത്തിരുത്തി പല്ല സ്വദേശിയുമായ മറ്റൊരു വിദ്യാര്‍ഥിയെയുമാണ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മധുവിന് നിലവില്‍ വലപ്പാട് പൊലിസ് സ്‌റ്റേഷനില്‍ പത്തോളം കേസുകളുള്ളതായി പൊലിസ് പറഞ്ഞു.
ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലായ വിദ്യാര്‍ഥിയെ ഉപയോഗിച്ചാണ് മധു മയക്കു മരുന്നുകള്‍ ആവശ്യക്കാരിലെത്തിച്ചിരുന്നത്.
അപസ്മാരക രോഗികളെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന വീര്യം കൂടിയ ഗുളികകളാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചതെന്നാണ് പൊലിസ് കണ്ടെത്തല്‍. ഇവര്‍ ഗുളിക വാങ്ങിയ എടമുട്ടത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പൊലിസ് പരിശോധന നടത്തി. വിദ്യാര്‍ഥികള്‍ക്ക് ഇത്തരം വീര്യം കൂടിയ ഗുളികകള്‍ നല്‍കിയ ഇവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികളുണ്ടായേക്കും.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ മാരക രോഗം പോലെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും പൊലിസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് കയ്പമംഗലം പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറ് പൂതംകോട്ട് വേലുവിന്റെ മകന്‍ ബിബിന്‍ദാസ് മയക്കുഗുളിക കഴിച്ച് മരിച്ചത്.
ബിബിന്‍ദാസിന്റെ ആമാശയത്തില്‍ നിന്നും ലഭിച്ച സാമ്പിളുകള്‍ കാക്കനാട്ടെ സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ കൂടുതല്‍ നടപടി ഉണ്ടാവുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ ദേഹാസ്വാസ്ഥം അനുഭവപ്പെട്ട ബിപിന്‍ദാസിന്റെ കൂട്ടുകാരായ കൈപ്പോത്ത് ലാലുവിന്റെ മകന്‍ അക്ഷയ്, ചിരട്ടപ്പുരക്കല്‍ പ്രേമന്റെ മകന്‍ ഹരിലാല്‍, തെക്കന്‍പറമ്പില്‍ അനിലന്റെ മകന്‍ അക്ഷയ് എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
അതിനിടയില്‍ കയ്പമംഗലം മേഖലയില്‍ യുവാക്കളേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് വട്ടമിട്ട് പറക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവാണമെന്നുള്ള ആവശ്യവുമായി ജനപ്രതിനിധികളടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."