മുദ്രാവായ്പകള്‍ കൂടുതലായി അനുവദിക്കണമെന്ന് എം.ബി രാജേഷ്
പാലക്കാട്: 2016-17 നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ജില്ലാതല ബാങ്കിങ് അവലോകന യോഗം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ ഉദാരത കാണിക്കണമെന്നും കേന്ദ്ര പദ്ധതിയായ മുദ്രവായ്പകള്‍ കൂടുതലായി അനുവദിക്കണമെന്നും എം.പി പറഞ്ഞു. നീര്‍ത്തട പദ്ധതികളുടെ കാര്യത്തിലും വായ്പ അനുവദിക്കണമെന്നും വായ്പ നിക്ഷേപ അനുപാതം ക്രമാനുഗതമായി കുറയുന്നത് ശ്രദ്ധിക്കണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. എ.ഡി.എം എസ് വിജയന് അധ്യക്ഷനായി. ജില്ലാ ക്രെഡിറ്റ് പ്ലാന്‍ എം.പി എം.ബി രാജേഷ് പ്രകാശനം നിര്‍വ്വഹിച്ചു.
ആദ്യ മൂന്ന് മാസ കാലയളവില്‍ 3019 കോടി രൂപ വായ്പ വിതരണം ചെയ്ത് ലക്ഷ്യം കൈവരിച്ചതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. കാര്‍ഷിക മേഖലയ്ക്ക് 1016 കോടിയും വ്യവസായിക മേഖലയ്ക്ക് 324 കോടിയും മറ്റു മുന്‍ഗണനാ വായ്പകളില്‍ 856 കോടി രൂപയും വായ്പ നല്കി.
വിദ്യാഭ്യാസ വായ്പയായി 30 കോടി രൂപ നല്കി. ബാങ്കുകളില്‍ ലഭിച്ച 1057 വിദ്യാഭ്യാസ അപേക്ഷകളില്‍ 1050 അപേക്ഷകര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. 917 സ്വയം സഹായ സംഘങ്ങള്‍ക്ക് 129 കോടി രൂപ വായ്പ തിരിച്ചടവായി ലഭിക്കാനുണ്ട്. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന 226 കോടി രൂപ അനുവദിച്ചു. മുദ്രാ വിഭാഗത്തില്‍ 2471 വായ്പയില്‍ 32 കോടി രൂപയും അനുവദിച്ചതായും മാനേജര്‍ അറിയിച്ചു.
ഹോട്ടല്‍ ഗസാലയില്‍ നടന്ന യോഗത്തില്‍ കനറ ബാങ്ക് അസിസ്റ്റന്റ് ജന. മാനേജര്‍ കെ.എ സിന്ധു മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജില്ലാ ഓഫിസര്‍ ചൈതന്യ ദേവി കണക്കുകളുടെ അവലോകനം നടത്തി. ജില്ലയിലെ ക്രെഡിറ്റ് പ്ലാനുകളുമായി ബന്ധപ്പെട്ട് നബാര്‍ഡ് ഡി.ഡി.എം രമേശ് വേണുഗോപാല്‍, ലീഡ് ബാങ്ക് മാനേജര്‍ പി.ജെ സാം, ഇ പഴണിമല സംസാരിച്ചു. ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."