പശുക്കടവ് ദുരന്തം; മുന്നറിയിപ്പ് നല്‍കിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല
തിരുവനന്തപുരം: കോഴിക്കോട് പശുക്കടവില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്തത് വിളിച്ചു വരുത്തിയ അപകടം. പശുക്കടവുള്‍പ്പെടെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുകള്‍പോലെയുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിലെ ശാസ്ത്രജ്ഞന്‍ ജി.ശങ്കര്‍ അധ്യക്ഷനായ സമിതി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. 2009ല്‍ ഉരുള്‍പൊട്ടലുണ്ടായപ്പോഴാണ് അന്നത്തെ സര്‍ക്കാര്‍ ജി. ശങ്കറെ കൂടാതെ ശാസ്ത്രജ്ഞരായ ഡോ. എസ.് ശങ്കര്‍, കെ.സി ചാക്കോ, ആര്‍. ഗോപകുമാര്‍, ഡോ. സുരേഷ് ഫ്രാന്‍സിസ,് വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. സേവ്യര്‍.കെ.ജേക്കബ് എന്നിവരെ മലബാറിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുണ്ടോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിലാണ് വിദഗ്ധ സമിതി പഠനം നടത്തിയത്. കോഴിക്കോട് ജില്ലയിലെ പശുക്കടവ്, മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വയനാട് ജില്ലയിലെ കാപ്പിക്കളം, മൂപ്പൈനാട്, കാന്തന്‍പാറ, കുന്ദമംഗലം വയല്‍, ചെമ്പ്ര, നീലിമല, വെള്ളമുണ്ട തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അതേ വര്‍ഷം തന്നെ മുപ്പത് പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ ദുരന്തം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ഇവിടെ താമസിക്കുന്നവരെ കാലവര്‍ഷ സമയത്ത് മാറ്റി താമസിപ്പിക്കണമെന്നും അനധികൃത നിര്‍മാണങ്ങളും ക്വാറികളുടെ പ്രവര്‍ത്തനവും തടയണമെന്നും 20 ഡിഗ്രി ചരിഞ്ഞ പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കൂടാതെ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പൈപ്പിങ് പ്രതിഭാസമുള്ളതായി സമിതി കണ്ടെത്തിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലാണ് പൈപ്പിങ് പ്രതിഭാസം കണ്ടെത്തിയത്. ഭൂമി ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതാണ് ഇത്.
എന്നാല്‍ മാറി മാറി വന്ന രണ്ടു സര്‍ക്കാരുകളും ഈ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്തില്ല. മാവട്ട, കുരിക്കന്‍തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയതാവാം പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കുരിക്കന്‍തോട് വനമേഖല വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. കുറ്റ്യാടി മലയടിവാരത്തിലെ പ്രദേശങ്ങള്‍ പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലൊന്നാണ്. ഇതിന്റെ സമീപ പ്രദേശങ്ങളിലെല്ലാംതന്നെ വ്യാപകമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. മാത്രമല്ല, അപ്രതീക്ഷിതമായി വെള്ളം പൊങ്ങുന്ന പുഴയില്‍ മുന്നറിയിപ്പു ബോര്‍ഡുകളും ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."