ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മകന്റെ ശവക്കല്ലറ കണ്ടെത്തി
തലശ്ശേരി: ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മൂന്നാമത്തെ മകന്‍ ലുഡ് വിഗ് ഫെഡറിക് ഗുണ്ടര്‍ട്ടിന്റെ ശവക്കല്ലറ നിട്ടൂര്‍ സി.എസ്.ഐ. സെമിത്തേരിയില്‍ കണ്ടെത്തി. സെമിത്തേരിയിലെ ചെടികള്‍ വളര്‍ന്ന് മൂടിയതിനാല്‍ കല്ലറ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പള്ളിയില്‍ സൂക്ഷിച്ചിരുന്ന സംസ്‌കാരരേഖ പ്രകാരം 1841 സെപ്റ്റംബര്‍ 14നാണ് ഫെഡറിക് ഗുണ്ടര്‍ട്ട് ജനിച്ചത്. 1844 ജനുവരി ഏഴിന് രണ്ടുവയസും മൂന്ന് മാസവുമായപ്പോള്‍ ലുഡ് വിഗ് മരിച്ചുവെന്നാണ് അനുമാനിക്കുന്നത്. ഗുണ്ടര്‍ട്ടിന് എട്ട് മക്കളാണുണ്ടായിരുന്നത് ഇതില്‍ മൂന്നാമത്തെ മകനാണ് ലുഡ് വിഗ്. 1839 ഏപ്രില്‍ 12 നാണ് ഗുണ്ടര്‍ട്ട് മിഷനറി പ്രവര്‍ത്തനത്തിന് ഇല്ലിക്കുന്നില്‍ എത്തിയത്. ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ താമസിക്കവെ മിഷനറി പ്രവര്‍ത്തനത്തിനായി തലശ്ശേരി കോട്ടയുടെ അടുത്ത് വാടകവീട്ടില്‍ ഇദ്ദേഹം താമസിച്ചിരുന്നു. ഇതിനിടയില്‍ ഫെഡറിക് ഗുണ്ടര്‍ട്ടിന് കടുത്ത പനി ബാധിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന കല്ലറ തികച്ചും ശോചനീയാവസ്ഥയിലുമാണ്. ഇത് പുതുക്കിപ്പണിയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പള്ളിവികാരി റഷീം റൊണാള്‍ഡ് പറഞ്ഞു. കല്ലറ കണ്ടെത്തുന്നതിനായി ഏറെ ശ്രമം നടത്തിയ റവ.ഡോ. ജി.എസ്.ഫ്രാന്‍സിസ് കല്ലറ പുതുക്കിപ്പണിയുമെന്നും സംരക്ഷിക്കുവാനുള്ള എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."