ദേവന്‍ രാമചന്ദ്രനും സതീഷ് നൈനാനും ഹൈക്കോടതി ജഡ്ജിമാരാകും
കൊച്ചി: കേരള ഹൈക്കോടതിയിലെ രണ്ടു അഭിഭാഷകര്‍കൂടി ജഡ്ജിമാരായി ഉടന്‍ നിയമിതരാകും. ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് ദേവന്‍ രാമചന്ദ്രന്‍, അഡ്വ. സതീഷ് നൈനാന്‍ എന്നിവരെയാണ് ജഡ്ജിമാരായി നിയമിക്കുന്നത്.
ഇവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം വരുന്നതോടെ നിയമനമാകും.
സീനിയര്‍ അഭിഭാഷകനായ എം.പി.ആര്‍ നായര്‍, രതി നായര്‍ എന്നിവരുടെ മകനായ ദേവന്‍ രാമചന്ദ്രന്‍ എറണാകുളം ഗവ. ലോ കോളജില്‍ നിന്നു നിയമബിരുദം നേടിയശേഷം 1991ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2015ല്‍ സീനിയര്‍ അഭിഭാഷകനായി. സംസ്ഥാനത്തു വന്‍ വിവാദം ഉയര്‍ന്ന കുട്ടിക്കടത്തു കേസില്‍ ദേവന്‍ രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി ഡിവിഷന്‍ ബെഞ്ച് നിയമിച്ചിരുന്നു. ഭാര്യ നിലമ്പൂര്‍ കോവിലകത്തെ അഡ്വ. സുകന്യ. എറണാകുളം ഗവ. ലോ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ശശാങ്ക് ദേവന്‍ മകനാണ്.
റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി ഒ.എന്‍ നൈനാന്റെയും നളിനിയുടെയും മകനായ അഡ്വ. സതീഷ് നൈനാന്‍ 1990ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
തിരുവല്ല വലിയവീട്ടില്‍ എലിസബത്ത് നൈനാനാണ് ഭാര്യ. കേരള ലോ അക്കാദമിയിലെ നിയമ വിദ്യാര്‍ഥിനി ലേ റേച്ചല്‍ നൈനാന്‍, എറണാകുളം ടോക്ക് എച്ച് സ്‌കൂളിലെ പതിനൊന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ഥി നോയല്‍ നൈനാന്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."