ഐ.ടി, മൈക്രോഫിനാന്‍സ്.. പിന്നെ ഇന്റര്‍ലോക്കും
എസ്.എസ്.എല്‍.സിയും ഐ.ടി.സിയിലെ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായതു കൈമുതലാക്കി ഐ.ടി കമ്പനിയുടെ പേരില്‍ തട്ടിപ്പുനടത്തിയ വീരന്റെ കഥയാണിത്. ചെറുപ്പക്കാരനായ യുവാവിനെ കണ്ടാല്‍ ശാന്തന്‍..,സുന്ദരന്‍. എന്നാല്‍, കൈയിലിരിപ്പ് തട്ടിപ്പും വെട്ടിപ്പും.
അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇയാള്‍ തട്ടിയെടുത്തതു ലക്ഷങ്ങള്‍. കൊല്ലത്തും കൊട്ടാരക്കരയിലും സി.സി.എന്‍ ടെക്‌നോളജീസ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്‍തട്ടിപ്പു നടത്തിയത്. ജോലി നല്‍കാമെന്നു പറഞ്ഞായിരുന്നു ഈ യുവാവിന്റെ കബളിപ്പിക്കല്‍.
10,000 രൂപമുതല്‍ 15,000 വരെ ശമ്പളം വാഗ്ദാനം ചെയ്തശേഷം 25,000 മുതല്‍ 50,000 വരെ ഡെപ്പോസിറ്റ് വാങ്ങിയാണു തട്ടിപ്പിനു തുടക്കംകുറിച്ചത്. ജോലിയോ ഡെപ്പോസിറ്റോ തിരിച്ചു നല്‍കാതെ പൊടുന്നനെ മുങ്ങി. ഇയാളുടെ കെണിയില്‍പ്പെട്ടവര്‍ ഏറെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരാണ്. സുന്ദരിയായ ഭാര്യയെ എച്ച്.ആര്‍ മാനേജരായി നിയമിച്ചായിരുന്നു തട്ടിപ്പ്. ചെന്നൈ ഐ.ഐ.ടിയില്‍നിന്നു നെറ്റ്‌വര്‍ക്ക് എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.
കൊല്ലത്തെയും തിരുവനന്തപുരത്തെയും നിരവധിസ്ഥാപനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്തുകൊടുക്കാമെന്നു പറഞ്ഞ് വന്‍തുക വേറെയും തട്ടിയെടുത്തു. 25 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. ബി.ടെക്, എം.ടെക്, എം.എസ്‌സി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ പാസായ വിദ്യാര്‍ഥികളെ ആവശ്യമുണ്ടെന്നു പത്രപരസ്യം നല്‍കിയാണ് ഇരകളെ കുരുക്കിയത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ മുന്തിയ ഹോട്ടലുകളിലായിരുന്നു ഇന്റര്‍വ്യൂ. എല്ലാ തട്ടിപ്പിനും ഭാര്യയെ കൂടെക്കൂട്ടി. പെണ്ണിന്റെ മായയില്‍ വീണവരുമേറെ. കൊല്ലത്തെ ഓഫിസില്‍ കാശുകൊടുത്തശേഷം തൊഴില്‍ ലഭിക്കാതെ അന്വേഷണവുമായി എത്തുന്നവരെ സമാധാനിപ്പിച്ചു പറഞ്ഞയയ്ക്കുന്നതില്‍ ഭാര്യയുടെ പങ്ക് വലുതായിരുന്നു. അതുകൊണ്ടുതന്നെ കുറെക്കാലം തട്ടിപ്പ് തുടരാന്‍ കഴിഞ്ഞു. തട്ടിയെടുത്ത തുക ഭാര്യയുമൊത്തു സുഖവാസത്തിനും മറ്റുമുപയോഗിച്ചു.
കൊല്ലത്തെ രണ്ടു ഓഫിസുകള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആരംഭിച്ചതെങ്കിലും മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ നിരന്തരം ശല്യംചെയ്തതോടെ ആസ്ഥാനം മറ്റൊരിടത്തേയ്ക്കു മാറ്റാനുള്ള ആലോചന നടക്കവേയാണ് ഇയാള്‍ പൊലിസിന്റെ വലയിലായത്. നൂറോളം ഉദ്യോഗാര്‍ഥികള്‍ ഇയാള്‍ക്കെതിരേ പരാതിയുമായി വന്നു.
എന്നാല്‍, യുവാവിനെ രക്ഷപ്പെടുത്താന്‍ ചിലര്‍ രംഗത്തെത്തി. അതു ചില രാഷ്ട്രീയക്കാരായിരുന്നു. പണം നഷ്ടപ്പെട്ടവര്‍ കണ്ണീരുമായി ഓഫിസ് കയറിയിറങ്ങിയതു മാത്രം മെച്ചം. കേസില്‍ എന്തു സംഭവിച്ചെന്നു മാത്രം ഇപ്പോഴും ആര്‍ക്കുമറിയില്ല. മനുഷ്യാവകാശസംഘടനയുടെ പേരില്‍ മൈക്രോഫിനാന്‍സ് ഗ്രൂപ്പുകളും സ്വയംസഹായസംഘങ്ങളും രൂപീകരിച്ചാണ് മധ്യവയസ്‌കനായ തിരുവനന്തപുരം ആനയറ കിഴക്കതില്‍ ക്ഷേത്രംറോഡില്‍ അനന്തകൃഷ്ണം വീട്ടില്‍ ശ്രീകുമാരന്‍ ഇരുപതിനായിരത്തോളം സ്ത്രീകളെ കബളിപ്പിച്ചത്.
പത്തുപേരടങ്ങുന്ന രണ്ടായിരത്തോളം ഗ്രൂപ്പുകളാക്കിയശേഷം ഓരോ ഗ്രൂപ്പില്‍നിന്നു 5000 രൂപ വീതം വാങ്ങിയാണു കുമാരന്‍ തട്ടിപ്പുനടത്തിയത്. വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഓരോ ഗ്രൂപ്പിനും 1000 രൂപയുടെ എസ്.ബി അക്കൗണ്ട് എടുത്തശേഷം ബാക്കി 4000 രൂപ സംഘടനയുടെ ചെയര്‍മാനായ ശ്രീകുമാരനും മറ്റു കൂട്ടാളികളും വീതിച്ചെടുക്കുകയായിരുന്നു. പാവപ്പെട്ടവരും കൂലിപ്പണിക്കാരുമായ സ്ത്രീത്തൊഴിലാളികളായിരുന്നു ഇവരുടെ ഇര. തൊഴിലില്ലാത്ത സ്ത്രീകളെയും ചൂഷണം ചെയ്തിരുന്നു.
വളരെ വിദഗ്ധമായായിരുന്നു തട്ടിപ്പ്. ജില്ലയില്‍ ഉടനീളം ഫീല്‍ഡ് പ്രമോട്ടര്‍മാരെ നിയമിച്ച് 2500 ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വിശ്വാസ്യത നേടിയെടുത്തശേഷം പണപ്പിരിവു തുടങ്ങി. തിരുവനന്തപുരം വഞ്ചയൂരിലായിരുന്നു ഹെഡ് ഓഫിസ്. വാഗ്ദാനം ചെയ്ത വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇരകള്‍ പരാതി നല്‍കി.
പൊലിസിന്റെ പിടിയിലായ ശ്രീകുമാരനെ ചോദ്യംചെയ്തപ്പോള്‍ തട്ടിപ്പിലൂടെ പാവങ്ങളില്‍നിന്നു പിരിച്ചെടുത്തത് ഒന്നേകാല്‍ കോടിരൂപയെന്നു കണ്ടെത്തി. മനുഷ്യാവകാശസംരക്ഷണസംഘടനയുടെ പേരില്‍ രജിസ്‌ട്രേഷന്‍ നേടിയാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്. കൂട്ടാളികളായി നിന്നവരില്‍ പലരും മുങ്ങി. അവരെ തപ്പാന്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുവെന്നാണു പൊലിസ് പറയുന്നത്.
വീട്ടുമുറ്റം ടൈല്‍സിട്ട് പ്രൗഢികാട്ടുന്ന മലയാളിയുടെ പുതിയ ട്രെന്‍ഡും തട്ടിപ്പുകാര്‍ മുതലാക്കി. മഴയില്‍ വെള്ളം ഭൂമിയിലേയ്ക്കിറങ്ങി വേനല്‍ക്കാലത്തും കിണറില്‍ വെള്ളം ലഭ്യമാകുമെന്നതാണ് ടൈല്‍സ് ഭ്രമത്തിന് ഹേതുവായത്. ഇത്തരം ഭ്രമക്കാരുടെ മുമ്പിലേയ്ക്കാണു തട്ടിപ്പുകാരും ഒഴുകിയെത്തിയത്. അയല്‍ക്കാരന്റെ മുമ്പില്‍ തലയുയര്‍ത്തിനില്‍ക്കാനുള്ള ദുരഭിമാനികളുടെ 'വീക്ക്‌നെസാ'ണു തട്ടിപ്പുകാര്‍ തുറുപ്പുചീട്ടായി കണ്ടത്. മുറ്റത്ത് ഇന്റര്‍ലോക്ക് ടൈല്‍സ് പാകാനായി കരുനാഗപ്പള്ളി തിരുവാലില്‍ കിഴക്കതില്‍ സന്തോഷ് എന്ന യുവാവ് രംഗത്തെത്തിയതും ഇതേ വീക്ക്‌നെസില്‍ പിടിച്ചുതന്നെ.
പുതുതായി വീടുവയ്ക്കുന്നവരും ഗമകാട്ടാന്‍ വേണ്ടിമാത്രം മുറ്റം ടൈല്‍സിട്ട് ഒരുക്കാന്‍ തയാറായി നില്‍ക്കുന്നവരുമായിരുന്നു ഇയാളുടെ ഇരകള്‍. സംഭാഷണത്തില്‍ ആരെയും വീഴ്ത്തുന്ന 'നാക്കു'ബലത്തില്‍ കോണ്‍ട്രാക്ട് സംഘടിപ്പിക്കും. മുറ്റത്ത് ഇന്റര്‍ലോക്ക് ടൈല്‍സ് പാകാമെന്നു വീടുകളിലെത്തി അറിയിക്കുന്ന ഇയാള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു ചെയ്യാമെന്നു പറഞ്ഞ് ഓര്‍ഡര്‍ പിടിക്കും.
അയലത്ത് എത്രരൂപയ്ക്കാണ് ടൈല്‍സ് പാകിയതെന്ന് രഹസ്യമായി അറിയുന്നതോടെ സന്തോഷിന്റെ ഓര്‍ഡറാണ് വന്‍ ലാഭമെന്നു കരുതി പലരും വീണു. വീട്ടുകാരുടെ സമ്മതം ലഭിച്ചാലുടന്‍ കുറെ തൊഴിലാളികളെ കൊണ്ടുവന്നു മുറ്റം ഒരുക്കിത്തുടങ്ങും. പരിചയമില്ലാത്ത വീട്ടുകാരെ കൈയിലെടുക്കാനുള്ള ബുദ്ധിയാണത്. തുടര്‍ന്ന് അന്നേദിവസം വൈകിട്ട് അഡ്വാന്‍സായി 15,000 രൂപ മുതല്‍ 25,000 രൂപ വരെ വാങ്ങും.
പിന്നീട് കക്ഷിയെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. ടൈല്‍സ് തൊഴിലാളികളെ കാത്തിരുന്ന വീട്ടുകാരില്‍ പലരും ഒരാഴ്ചവരെ കാത്തശേഷം പൊലിസില്‍ പരാതി നല്‍കി. ഒടുവില്‍ സന്തോഷ് പൊലിസിന്റെ പിടിയിലുമായി. കായംകുളം, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലും ഇതേരീതിയില്‍ തട്ടിപ്പുനടത്തി. തട്ടിപ്പിനിരയായര്‍ക്കു കാശുപോയതു മിച്ചം. ജാമ്യത്തിലിറങ്ങിയ സന്തോഷ് എവിടെയെന്നു പൊലിസിനുപോലും അറിയില്ല.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."