ഭീകരതയ്‌ക്കെതിരേ ചേരിചേരാ ഉച്ചകോടി
രണ്ടുദിവസം മുന്‍പ് കശ്മിരിലെ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള ഉറിയില്‍ പാകിസ്താനില്‍നിന്നുള്ള ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടന നടത്തിയ ഭീകാരാക്രമണ പശ്ചാത്തലത്തില്‍ ചേരിചേരാ ഉച്ചകോടി ആഗോളഭീകരതയ്‌ക്കെതിരേ നടത്തിയ ആഹ്വാനം ശ്രദ്ധാര്‍ഹമാണ്. ഭീകരത തടയുക, നേരിടുക എന്ന ആഹ്വാനത്തോടെയാണ് ഉച്ചകോടി വെനിസ്വേലയില്‍ സമാപിച്ചത്.
ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതിരുന്നതിനെ സംബന്ധിച്ചു പലവിധ അഭിപ്രായങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തതില്‍ ഇന്ത്യ ഇപ്പോഴും ചേരിചേരാപ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ സഹായകമായി. എന്നാല്‍, അടുത്തിടെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ചില നയതന്ത്രവീഴ്ചകളും ചേരിചേരാപ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി ശാക്തികച്ചേരിയായ അമേരിക്കയോടുള്ള വിധേയത്വവും ചേരിചേരാരാഷ്ട്രസമൂഹത്തില്‍നിന്നു വ്യതിചലിക്കുകയാണോയെന്ന സംശയം ലോകരാഷ്ട്രങ്ങളിലുണ്ടായി.
മാര്‍ഷ്വല്‍ ടിറ്റോ, ജവഹര്‍ലാല്‍ നെഹ്‌റു, ജമാല്‍ അബ്ദുല്‍ നാസര്‍ തുടങ്ങിയ മഹാരഥന്മാര്‍ രൂപംനല്‍കിയ ചേരിചേരാപ്രസ്ഥാനം അതിന്റെ ഉദ്ദ്യേശശുദ്ധിയില്‍ത്തന്നെയാണു നിലനിന്നുപോന്നത്. ശാക്തികച്ചേരികളായിരുന്ന സോവിയറ്റ് യൂനിയന്റെയും അമേരിക്കയുടെയും ഇടയിലുള്ള അവിശ്വാസത്തിന്റെ മതിലുകള്‍ ഉയര്‍ന്നതിന്റെയും ശീതയുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയതിന്റെയും സാഹചര്യത്തില്‍ സ്വതന്ത്രപരമാധികാര രാജ്യങ്ങള്‍ അവയുടെ അസ്തിത്വം നിലനിര്‍ത്താനായാണു ചേരിചേരാപ്രസ്ഥാനം രൂപീകരിച്ചത്.
അമേരിക്കയോടും സോവിയറ്റ് യൂനിയനോടും പ്രത്യേകചായ്‌വുകളില്ലാതെ സ്വതന്ത്രനിലപാടുകളുമായി മുന്നോട്ടുപോകുകയെന്ന തത്വം മുറുകെപ്പിടിച്ചായിരുന്നു ചേരിചേരാരാജ്യങ്ങള്‍ നീങ്ങിയത്. അത് ഒരു സ്വാര്‍ഥകമായ ഐക്യമായി പരിണമിക്കുകയും ചെയ്തു. എന്നാല്‍, രാഷ്ട്രങ്ങളിലുണ്ടാകുന്ന ഭരണമാറ്റങ്ങള്‍ പലപ്പോഴും മുന്‍കാലഭരണകൂടങ്ങളുടെ തുടര്‍ച്ചകളല്ലാതെ വരുമ്പോള്‍ മാറ്റങ്ങളുണ്ടാവുക സ്വാഭാവികം.
നയതന്ത്രമേഖലകളിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഇടര്‍ച്ചകളും ഇഴയടുപ്പങ്ങളും ഇതുവഴിയുണ്ടാകാം. ഇന്ത്യയും ഇത്തരം പരിണാമത്തിനു വിധേയമായിയെന്നതു മറച്ചുവയ്‌ക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ നീണ്ടകാലത്തെ ഭരണത്തിനുശേഷം കേന്ദ്രത്തില്‍ ജനതാപ്പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴും നമ്മുടെ വിദേശനയത്തില്‍ കാതലായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍വന്ന മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പൈ ഇക്കാര്യം ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. പാകിസ്താനടക്കമുള്ള വിദേശരാഷ്ട്രങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അദ്ദേഹം പാത്രീഭൂതനായത് ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളുടെയും ചേരിചേരാനയത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന്റെയും ഫലമായിട്ടായിരുന്നു. വാജ്‌പൈ ഇന്ത്യയുടെ പ്രധാനമന്ത്രിയിയിരുന്നപ്പോഴും ഇന്ത്യയുടെ വിദേശനയം പഴയതുപോലെ തുടര്‍ന്നു.
2014 ല്‍ അധികാരത്തില്‍വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അമേരിക്കയോടു കൂടുതല്‍ വിധേയത്വം കാണിക്കുന്നുണ്ടെന്ന ധാരണ പൊതുവെ ഉണ്ടായി. അമേരിക്കയ്ക്ക് ഇത് ആവശ്യവുമായിരുന്നു. അടുത്തിടെ അമേരിക്കയുമായി ഇന്ത്യ ഒപ്പുവെച്ച സൈനിക കരാര്‍ ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്കാണു സഹായകമായത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിന് എക്കാലവും ഭീഷണിയായേക്കാവുന്ന കരാറിലാണു ബി.ജെ.പി സര്‍ക്കാര്‍ ഒപ്പുവച്ചിരിക്കുന്നതെന്ന പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവരികയും ചെയ്തു.
ലോജിസ്റ്റിക്‌സ് എക്‌സചേഞ്ച് മെമ്മോറാണ്ടം എഗ്രിമെന്റ് (എല്‍.ഇ.എം.ഒ.എ) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കരാര്‍ രാജ്യം ഇതുവരെ പുലര്‍ത്തിപ്പോന്ന ചേരിചേരാനയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായിരുന്നു. കരാര്‍വഴി അമേരിക്കയ്ക്ക് ഇന്ത്യയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും ഇന്ധനം നിറയ്ക്കാനും സൈനികത്താവളമൊരുക്കാനും കഴിയും. ഇറാഖ് ആക്രമണവേളയില്‍ ഇന്ത്യയില്‍വന്ന് ഇന്ധനം നിറയ്ക്കാന്‍ അമേരിക്കന്‍ വ്യോമസേന ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യ അനുവദിച്ചിരുന്നില്ല. ഇതിനുശേഷമാണു ലോജിസ്റ്റിക്‌സ് കരാറിന് അമേരിക്ക ഇന്ത്യയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിപ്പോന്നത്.
ഇന്ത്യക്ക് അമേരിക്കയില്‍ ഇത്തരം സൗകര്യം ലഭിക്കുമെന്നാണു കരാറിലെ വ്യവസ്ഥയെങ്കിലും ഇന്ത്യക്ക് അതുകൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നും കിട്ടാന്‍പോകുന്നില്ല. അമേരിക്കയില്‍ സൈനികത്താവളം ഉപയോഗപ്പെടുത്തി, ഇന്ത്യ ആരോടു യുദ്ധം ചെയ്യാനാണ്. ഈ കരാര്‍ നിലവില്‍ വന്നതിനുശേഷമാണ് അതിര്‍ത്തി രാജ്യമായ ചൈന പാകിസ്താനുമായി കൂടുതല്‍ അടുക്കാനും പാകിസ്താനു ഭീമമായ സൈനികസഹായം നല്‍കാനും തുടങ്ങിയത്. റഷ്യയും പാകിസ്താനും ചൈനയും ഒത്തുചേര്‍ന്നുള്ള അച്ചുതണ്ട് ഇതിനകം ഉയര്‍ന്നുവന്നതുതന്നെ നമ്മുടെ വിദേശനയതന്ത്രത്തിലുണ്ടായ പാളിച്ചയും ചേരിചേരാനയത്തില്‍നിന്നുള്ള വ്യതിയാനവും മൂലമാണ്.
ഇന്ത്യ അമേരിക്കന്‍ ചേരിയിലാണെന്ന ധാരണയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ പ്രചരിക്കുന്നത്. കരാര്‍വഴി ഏഷ്യന്‍ പെസഫിക് മേഖലയിലെ അമേരിക്കന്‍ സൈനികവിന്യാസത്തിന് ഇന്ത്യയായിരിക്കും ഇനി താവളമാകുക. ഇതുകാരണം ഇതര ലോകരാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ, വ്യവസായബന്ധങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ഉലച്ചില്‍ വന്നിട്ടുണ്ട്. അതിര്‍ത്തിയിലാണെങ്കില്‍ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജൂണില്‍ സിയോണില്‍ നടന്ന ആണവവിതരണസംഘങ്ങളുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തുവെങ്കിലും ഇന്ത്യയെ സംഘത്തില്‍ അംഗമാക്കാന്‍ അമേരിക്കയ്ക്കുപോലും കഴിഞ്ഞില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പങ്കെടുത്ത ഈ സമ്മേളനത്തില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കാതെപോയതു ചൈനയുടെ എതിര്‍പ്പുമൂലമായിരുന്നു. അമേരിക്കയോടു കൂടുതല്‍ വിധേയത്വം കാണിച്ചതുകൊണ്ടു കിട്ടിയ ഫലം. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യക്ക് ആണവവിതരണസംഘത്തില്‍ (എന്‍.എസ്.ജി) അംഗത്വം നല്‍കുകയാണെങ്കില്‍ പാകിസ്താനും നല്‍കണമെന്നു ചൈന വാശിപിടിച്ചതു ബോധപൂര്‍വമായിരുന്നു. ചൈന ഇന്ത്യക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ ഭാവിയില്‍ ലോകത്തെ വമ്പന്‍ശക്തികളായി ചൈനയും ഇന്ത്യയും ഉയര്‍ന്നുവരുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലിനെത്തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയോടു സ്‌നേഹം ഭാവിക്കുന്നത്.
ഇന്ത്യയുടെ നയതന്ത്രപരാജയവും ചേരിചേരാനയത്തില്‍നിന്നുള്ള വ്യതിയാനവുംകൊണ്ട് ഇന്ത്യയ്ക്കു നഷ്ടമല്ലാതെ മൂന്നുവര്‍ഷത്തെ എന്‍.ഡി.എ ഭരണംകൊണ്ടു ലാഭമൊന്നുമുണ്ടായിട്ടില്ല. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നതു ഭീകരതയാണെന്നു വെനിസ്വേലയിലെ ഫോര്‍ ലാ മാരില്‍ സമാപിച്ച പതിനേഴാമതു ചേരിചേരാ ഉച്ചകോടി പ്രഖ്യാപിച്ചിരിക്കുകയാണ്. മതവിശ്വാസങ്ങളുടെ പേരില്‍ മാനവരാശിക്കെതിരേ അതിക്രമങ്ങള്‍ നടത്തുന്നതിനെതിരേയും ചേരിചേരാ ഉച്ചകോടി അതിശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.
നമ്മുടെ അയല്‍പക്കത്തു ചൈനയും പാകിസ്താനും സംയുക്തമായി സൈനികാഭ്യാസങ്ങള്‍ നടത്തുകയും പാകിസ്താന്‍ കശ്മിരില്‍ സംഘര്‍ഷം സൃഷ്ടിച്ച് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതു പതിവാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാതലത്തില്‍ നമ്മുടെ നയതന്ത്ര പാളിച്ചകളെക്കുറിച്ച് ഇനിയൊരു ചിന്ത അനിവാര്യമാണ്. ചേരിചേരാപ്രസ്ഥാനത്തിന്റെ പ്രസക്തിയെകുറിച്ചും ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."