സംസ്ഥാനത്ത് വ്യാജ ചിട്ടി കമ്പനികള്‍ സജീവം
നിലമ്പൂര്‍: നിക്ഷേപകര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന കേന്ദ്ര ചിട്ടി ആക്ട് നടപ്പാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് കാണിക്കുന്ന അനാസ്ഥയെതുടര്‍ന്ന് സംസ്ഥാനത്ത് വ്യാജ ചിട്ടികമ്പനികള്‍ സജീവം. നിക്ഷേപകര്‍ അവസാന നിമിഷമാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. 1982ലെ കേന്ദ്ര ചിട്ടി ഫണ്ട് ആക്ട് നാലുവര്‍ഷം മുന്‍പ് സംസ്ഥാനത്ത് നടപ്പില്‍വരുത്തിയിട്ടുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അനാസ്ഥ കാരണമാണ് ഇത് ഫലപ്രദമാകാത്തത്.
കേന്ദ്ര ആക്ട് പ്രകാരം ചിട്ടി സംഖ്യയുടെ തുല്യമായ തുക സര്‍ക്കാരില്‍ കമ്പനികള്‍ നിക്ഷേപിക്കണം. തുടര്‍ന്ന് ജില്ലാ രജിസ്ട്രാറും സബ് രജിസ്ട്രാറും ചേര്‍ന്ന് സൂക്ഷ്മമായി പരിശോധന നടത്തിയ ശേഷം മാത്രമേ ചിട്ടി നടത്താനുള്ള അനുമതി കമ്പനിക്ക് നല്‍കാന്‍ പാടുള്ളൂ. ഈ നിയമപ്രകാരം വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ചിട്ടി മാത്രമേ നടത്താന്‍ അനുമതിയുള്ളൂ. നിലവില്‍ നിരവധി ശാഖകളുള്ള ചിട്ടി കമ്പനികള്‍ ഓരോ ശാഖയിലും ഒരേ പാസ് ബുക്കുകള്‍ ഉപയോഗിച്ച് അഞ്ചു മുതല്‍ 10 ലക്ഷം വരെയുള്ള ചിട്ടികളാണ് വ്യാജമായി നടത്തിവരുന്നത്. സബ് രജിസ്ട്രാര്‍ ഒപ്പിട്ട് സീല്‍ വച്ച ചിറ്റാളന്മാരുടെ പേരും വിവരങ്ങളുമുള്ള പാസ്ബുക്കുകള്‍ ഇല്ലാതെ വ്യാജമായി പാസ് ബുക്ക് നിര്‍മിച്ചാണ് ഉപഭോക്താക്കളെ വഞ്ചിക്കുന്നത്.
ഓരോ ചിട്ടിയുടെയും പ്രതിമാസ ലേലം കഴിഞ്ഞ് 21 ദിവസത്തിനകം വിശദമായ മിനുട്‌സ് അസി. ചിട്ടി രജിസ്ട്രാറെ ബോധ്യപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറിയ ചിട്ടികളുടെ മിനുട്‌സ് മാത്രമാണ് ഇത്തരത്തില്‍ ബോധ്യപ്പെടുത്താറുള്ളത്. ചിട്ടി നിയമം സംബന്ധിച്ച് പൊതുജനത്തിനുള്ള അജ്ഞത മുതലെടുത്താണ് കമ്പനികള്‍ വ്യാജ ചിട്ടികളിലൂടെ കോടികള്‍ തട്ടിയെടുക്കുന്നത്.
അന്‍പതിനായിരം രൂപ സലയുള്ള ചിട്ടിയുടെ മുന്‍കൂര്‍ അനുമതി പത്രം ഉപയോഗിച്ച് അഞ്ച് ലക്ഷത്തിന്റെ ചിട്ടികള്‍ നടത്തുന്ന കമ്പനിക്കെതിരേ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് അടുത്തിടെ പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരേ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."