കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിലപാട്; തിരുവിഴാംകുന്ന് ഫാമിലെ ദയാവധം അനിശ്ചിതത്വത്തില്‍
മണ്ണാര്‍ക്കാട്: കേരള വെറ്ററിനറി സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് ഫാമിലെ ബ്രുസെല്ലോസിസ് ബാധിച്ച കന്നുകാലികളെ മണ്ണുത്തിയിലെത്തിച്ച് ദയാവധം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചതോടെ ഫാമില്‍ പ്രതിസന്ധി രൂക്ഷമായി. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ 11ന് മണ്ണുത്തിയില്‍ വീണ്ടും ഉന്നതതല യോഗം ചേരും.
90ഓളം കന്നുകാലികള്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ 84 എണ്ണത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞദിവസം രോഗം ബാധിച്ച കന്നുകാലികളുടെ എണ്ണം 90 ആയി ഉയര്‍ന്നിരുന്നു. രോഗം ബാധിച്ച കന്നുകാലികളെ മണ്ണുത്തിയിലെ ആധുനിക റെന്ററിങ് പ്ലാന്റിലെത്തിച്ച് ദയാവധം നടത്തി വേവിച്ചു പൊടിക്കാനായിരുന്നു സര്‍വകലാശാലയുടെ തീരുമാനം. എന്നാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇതിനെതിരേ രംഗത്തുവന്നിരുന്നു.
അസുഖം ബാധിച്ചവയെ ദയാവധം നടത്തുന്നതിനുള്ള സൗകര്യമില്ലായ്മയും പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പും കാരണം സര്‍വകലാശാല ഉന്നതസമിതി യോഗം ചേര്‍ന്നു കേന്ദ്രബോര്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രോഗം ബാധിച്ചവയെ ആവശ്യമായ മുന്നൊരുക്കങ്ങളോടെ കവചിത വാഹനങ്ങളില്‍ മണ്ണുത്തിയിലെത്തിച്ച് ദയാവധം നടത്തുന്നതിനു ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.
എന്നാല്‍, നിയമപ്രകാരം മാരകരോഗം ബാധിച്ച കന്നുകാലികളെ അതതു പ്രദേശത്തു നിന്ന് മാറ്റാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 15ന് നല്‍കിയ അനുമതി കേന്ദ്രബോര്‍ഡ് 19ന് പിന്‍വലിക്കുകയാണുണ്ടായത്. ഇതോടെ അസുഖം ബാധിച്ച കന്നുകാലികളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍വകലാശാല അധികൃതരും തിരുവിഴാംകുന്ന് കന്നുകാലി ഫാം അധികാരികളും.
കേന്ദ്രബോര്‍ഡ് അനുമതി പിന്‍വലിച്ചതോടെ തിരുവിഴാംകുന്ന് ഫാമില്‍ തന്നെ ദയാവധം നടത്തുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നു പ്രദേശവാസികള്‍ ഫാം അധികൃതര്‍ക്കെതിരേ പ്രതിഷേധവുമായി ഫാമിലെത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ ദയാവധം സംബന്ധിച്ച ആശങ്ക പരിഹരിച്ചതായും ഫാം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."