തെരുവുനായ്ക്കളുടെ നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ചപറ്റിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥ കാരണമാണെന്ന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടിക്രമങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയെന്ന് പ്രവര്‍ത്തനക്ഷമതാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ യാതൊരു നടപടിയുമെടുത്തിട്ടില്ല.
പ്രവര്‍ത്തനക്ഷമതാ റിപ്പോര്‍ട്ട് കണക്കിലെടുത്തു ശക്തമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ ഭീതിജനകമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ നിരീക്ഷണം. വിരലിലെണ്ണാവുന്ന പഞ്ചായത്തുകളും നഗരസഭകളും മാത്രമാണ് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി പദ്ധതികള്‍ നടപ്പിലാക്കിയത്. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും വളര്‍ത്തുനായ്ക്കളുടേയും തെരുവുനായ്ക്കളുടേയും കൃത്യമായ കണക്കെടുപ്പ് നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
തെരുവുനായ്ക്കളെ പിടികൂടുന്നതിനായി റാംപ് സൗകര്യത്തോടുകൂടിയ വാഹനം ഏര്‍പ്പെടുത്തുക, വന്ധ്യംകരണത്തിനും ചികിത്സയ്ക്കും പ്രതിരോധ കുത്തിവയ്പ്പിനുമായി മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുക, പിടികൂടുന്നവയെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, പട്ടിപിടിത്തക്കാര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കു പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കു നല്‍കിയിരുന്നത്. എന്നാല്‍, മിക്ക സ്ഥാപനങ്ങളും ഈ നിര്‍ദേശങ്ങള്‍ അവഗണിച്ചു. തിരുവനന്തപുരം നഗരസഭയിലൊഴികെയുള്ളവയില്‍ നായസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചില്ല. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തിലും തദ്ദേശസ്ഥാപനങ്ങള്‍ തികഞ്ഞ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ചട്ടം അഞ്ച് പ്രകാരം ലൈസന്‍സ് ഇല്ലാതെയോ ലൈസന്‍സ് ഉണ്ടെങ്കില്‍ തന്നെ അതിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായോ അലഞ്ഞുതിരിയാന്‍ അനുവദിച്ചുകൊണ്ട് നായ്ക്കളെ വളര്‍ത്തുന്ന ഏതൊരാള്‍ക്കും 250 രൂപ പിഴ ചുമത്തണം. എന്നാല്‍ ഈ ചട്ടപ്രകാരം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനു പദ്ധതി തയാറാക്കി ഫണ്ട് വകയിരുത്താറുണ്ടെങ്കിലും പദ്ധതി നടപ്പാകുന്നില്ലെന്നതാണ് മിക്ക തദ്ദേശസ്ഥാപനങ്ങളിലെയും സ്ഥിതി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തു ഓരോ ദിവസവും 300ഓളം പേര്‍ക്കു തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനു തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന റിപ്പോര്‍ട്ടാണ് വെളിച്ചം കാണാതെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."