HOME
DETAILS
MAL
നടപ്പാക്കാന്‍ പദ്ധതികളേറെ; വരുമാനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല
backup
February 23 2016 | 23:02 PM
വി. അബ്ദുല്‍ മജീദ്
തിരുവനന്തപുരം: പുതിയതും പഴയതുമായ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ബാക്കിനില്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നുണ്ട്. ഇതിനുപുറമെ നിരവധി പദ്ധതികള്‍ പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍, ഇവയൊന്നും നിശ്ചിത കാലപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോഴത്തെ നികുതിവരുമാനം കൊണ്ട് സാധിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ നികുതി വരുമാനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ ഈയിടെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2014- 15 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 28609.28 കോടി രൂപയായിരുന്നു നികുതി വരുമാനം. 2015- 16ല്‍ നികുതി വരുമാനം 31848.31 കോടി രൂപയാണ്. 11.32 ശതമാനം കോടി രൂപയാണ് വര്‍ധന. 18 ശതമാനത്തോളം വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്. റബറിന്റെയും മറ്റു നാണ്യവിളകളുടെയും വിലത്തകര്‍ച്ചയും സമ്പദ്്‌വ്യവസ്ഥയില്‍ പൊതുവായുണ്ടായ മാന്ദ്യവുമാണ് ഇതിനു പ്രധാന കാരണം. ബാറുകള്‍ അടയ്ക്കുകയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തതു മൂലമുണ്ടായ നികുതിനഷ്ടവും നികുതിവരുമാനം പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കാന്‍ കാരണമായിട്ടുണ്ട്. കൂടാതെ വസ്തു രജിസ്‌ട്രേഷനിലുണ്ടായ കുറവും വാഹന രജിസ്‌ട്രേഷന്‍ കുറഞ്ഞതും നികുതി വരുമാനത്തെ ബാധിച്ചു. ഇതിനൊക്കെ പുറമെ നികുതി സമാഹരണത്തില്‍ ചില പാളിച്ചകളും സംഭവിച്ചു. ഇക്കാര്യം കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രയവിക്രയം പൂര്‍ണമായി കണക്കില്‍ കാണിക്കാതിരിക്കല്‍, തെറ്റായ നികുതി നിരക്ക് അനുസരിച്ചുള്ള നികുതി ചുമത്തല്‍, സ്‌പെഷ്യല്‍ റിബേറ്റിനുള്ള തെറ്റായ അവകാശവാദം അംഗീകരിച്ച് കുറഞ്ഞ നികുതി ചുമത്തല്‍, നികുതി നിര്‍ണയത്തില്‍ നിന്ന് ക്രയവിക്രയം വിട്ടുപോയതു മൂലമുണ്ടായ കുറഞ്ഞ നികുതി ചുമത്തല്‍, പോരായ്മകളുള്ള സ്വയം നികുതി നിര്‍ണയങ്ങള്‍, ഫെയര്‍ വാല്യൂ നിലവിലില്ലാതിരുന്ന കാലത്തെ അണ്ടര്‍ വാല്വേഷന്‍ കേസുകളുടെ ആധിക്യം, ഡവലപ്‌മെന്റ്- കണ്‍സ്ട്രക്്ഷന്‍ എഗ്രിമെന്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതു മൂലമുണ്ടാകുന്ന റവന്യൂ നഷ്ടം തുടങ്ങിയവയാണ് സി.എ.ജി ചൂണ്ടിക്കാട്ടിയ അപാകതകള്‍.
നികുതി ചോര്‍ച്ച തടയുന്നതിന് ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതൊന്നും പൂര്‍ണ തോതില്‍ ഫലപ്രദമായിട്ടില്ല. നികുതി മേല്‍നോട്ട സമിതിയും വില നിരീക്ഷണ സമിതിയും റവന്യൂ വരുമാന ചോര്‍ച്ച വിശകലനം ചെയ്യുന്നുണ്ട്. നികുതി നിര്‍ണയം ഊര്‍ജിതമാക്കുന്നതിന് റിട്ടേണ്‍ സ്‌ക്രൂട്ടിനി ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ വ്യാപാരികളെ നികുതി പരിധിയില്‍ കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് അമരവിളയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന ചരക്കുകളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രെയിന്‍, ലക്്ഷ്വറി ബസ് എന്നിവ വഴിയുള്ള അനധികൃത നീക്കം തടയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓഡിറ്റ് അസസ്‌മെന്റ് വിങ് പുനഃസ്ഥാപിക്കുകയുമുണ്ടായി. കേന്ദ്രീകൃത ഡാറ്റാ മൈനിങ് വിങിന്റെ പ്രവര്‍ത്തനവും ശക്തമാക്കി. കൂടാതെ മോട്ടോര്‍ വാഹന വകുപ്പു വഴിയുള്ള നികുതി വരുമാനത്തിന്റെ ചോര്‍ച്ച തടയാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വാണിജ്യ നികുതി, ആര്‍.ഡി.ഒ, എക്‌സൈസ് ചെക്ക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നുമുണ്ട്. ഇത്രയേറെ നടപടികളുണ്ടായിട്ടും നികുതി വരുമാനത്തില്‍ ആവശ്യത്തിനുള്ള വര്‍ധന ഉണ്ടാക്കാനായിട്ടില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."