സിഗരറ്റ് പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പ് ഫലം കണ്ടെന്ന് പഠനം
തിരുവനന്തപുരം: സംസ്ഥാനത്തു പ്രമുഖ സിഗരറ്റ് കമ്പനികളുടെ പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പ് ഫലം കാണുന്നതായി പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് സര്‍ക്കാര്‍ പുകയില ഉല്‍പ്പന്ന പായ്ക്കറ്റുകളുടെ മുന്നിലും പിന്നിലുമായി 3.5 സെന്റിമീറ്റര്‍ വീതിയിലും നാലു സെന്റിമീറ്റര്‍ ഉയരത്തിലുമായി 60 ശതമാനം ചിത്രവും 25 ശതമാനം അക്ഷരങ്ങളുമായി പായ്ക്കറ്റുകളുടെ വലിപ്പത്തില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയത്.
മാനദണ്ഡങ്ങള്‍ക്കനുസൃതമായ മുന്നറിയിപ്പില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് ഈ വര്‍ഷം മെയ് 31നകം പിന്‍വലിക്കണമെന്നും പുതിയ മുന്നറിയിപ്പ് അച്ചടിക്കുകയോ ഒട്ടിച്ചുചേര്‍ക്കുകയോ ചെയ്യാതെ ഇവ വിപണനത്തിനു അനുവദിക്കരുതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മെയ് ആദ്യവാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു.
കഴിഞ്ഞ ജൂണില്‍ വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ഒരാഴ്ചത്തെ നിരീക്ഷണത്തിലും പഠനത്തിലുമാണ് ആരോഗ്യ മുന്നറിയിപ്പ് ഫലം കാണുന്നുവെന്ന് കണ്ടെത്തിയത്. എല്ലാ സിഗരറ്റ് പായ്ക്കറ്റുകളും ആരോഗ്യ മുന്നറിയിപ്പുകളുടെ മിനിമം വലിപ്പം, ഭാഷ, ദൃശ്യത എന്നീ മൂന്നു മാനദണ്ഡങ്ങളും പാലിക്കുന്നതായി പഠനം കണ്ടെത്തി.
രണ്ടു പുകയില കമ്പനികളുടെ പത്തു ബ്രാന്‍ഡുകളില്‍ നിന്നായി നൂറു സിഗരറ്റ് പായ്ക്കറ്റുകളിലായാണ് പഠനം നടത്തിയത്. വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശീലനം ലഭിച്ച ഫീല്‍ഡ് ഏജന്റുമാര്‍ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ മാനദണ്ഡമാക്കി വിവിധ പ്രദേശങ്ങളിലെ കിയോസ്‌കുകളിലും ചെറിയ പലചരക്ക് കടകളിലും തെരുവോരങ്ങളിലുമുള്ള കച്ചവടക്കാരെ നിരീക്ഷിക്കുകയായിരുന്നു.
എട്ടു സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളുടെ ഭാഗമായിരുന്നു ഇത്. നഗരത്തില്‍ വിറ്റഴിക്കപ്പെട്ട 100 ബീഡി പായ്ക്കറ്റുകളില്‍ നടന്ന സമാന വിലയിരുത്തലില്‍ ഇവയൊന്നും തന്നെ സചിത്ര ആരോഗ്യ മുന്നറിയിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തി. പുകരഹിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ല എന്നാണ് ഫീല്‍ഡ് ഏജന്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ രഹസ്യമായി ഇവ അനായാസം ലഭ്യമാണെന്നും അത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപത്താണെന്നും പഠനം നടത്തിയവര്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതിവര്‍ഷം നാല്‍പതിനായിരത്തോളം പേര്‍ പുകയില ഉപയോഗംമൂലം കേരളത്തില്‍ മരിക്കുന്നുണ്ടെന്ന് റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ടുബാക്കോ ഫ്രീ കേരള ചെയര്‍മാനുമായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
കുട്ടികള്‍, സാക്ഷരതാ പരിമിതിയുള്ളവര്‍ എന്നിവരുമായി ആശയവിനിമയം നടത്താനായി പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റില്‍ വലിപ്പമുള്ള സചിത്ര മുന്നറിയിപ്പുകളാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം.
പുകയില ശീലം ആരംഭിക്കുന്നതു തടയുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."