കുന്ദമംഗലത്ത് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കുന്ദമംഗലം: റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ബലമായി കാറല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുന്ദമംഗലം അങ്ങാടിക്കടുത്ത് കോരങ്കണ്ടി റോഡില്‍ തെറ്റത്ത് ജങ്ഷനില്‍ ഇന്നലെ രാവിലെ ഏഴരയ്ക്കാണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം തടഞ്ഞുവയ്ക്കുകയും കൈയില്‍ പിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തത്. കുതറിയോടിയ പെണ്‍കുട്ടി തൊട്ടടുത്തുള്ള വീട്ടില്‍ കയറി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ ബൈക്കുമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും കുന്ദമംഗലം പൊലിസില്‍ വിവരമറിയിച്ചതിനാല്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവം നടന്നതായി പറയുന്ന സ്ഥലത്ത് നിന്ന് ഇരുനൂറ് മീറ്റര്‍ അകലെയുള്ള സഹകരണ ബാങ്കിന്റെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ കാറുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുന്ദമംഗലം അങ്ങാടിയിലും പരിസരങ്ങളിലും സമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതായി സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."