ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍
നീലേശ്വരം: ദീര്‍ഘ ദൂരം സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പലതും നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ കയറാത്തത് യാത്രക്കാരെ ഏറെ വലയ്ക്കുന്നു. പ്രധാനമായും രാവിലേയും വൈകുന്നേരവുമാണ് ഇത്തരത്തില്‍ സര്‍വിസ് നടത്തുന്നത്.
ബസ്സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ മാര്‍ക്കറ്റ് ജങ്ഷനില്‍ ഇറക്കിവിടുകയാണ് പതിവ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ഇത്തരത്തില്‍ നിരവധിതവണ ഇറക്കിവിട്ടിട്ടുണ്ട്. ഇറങ്ങാന്‍ വിസമ്മതിച്ചവരെ തള്ളിയിട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഇത് ചോദ്യം ചെയ്യുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. പരാതി നല്കിയാലും ഇവര്‍ക്കെതിരേ അധികൃതര്‍ നടപടിയൊന്നും കൈക്കൊള്ളാറില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. തങ്ങള്‍ക്ക് ബസ്സ്റ്റാന്‍ഡില്‍ കയറാതെ ദേശീയപാത വഴി സര്‍വിസ് നടത്താനുള്ള അനുമതിയുണ്ടെന്നാണ് സ്വകാര്യബസ് ജീവനക്കാരുടെ വാദം. ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ് ബസുകളാണ് ഇത്തരത്തില്‍ ഏറെയും സര്‍വിസ് നടത്തുന്നത്.
അതേസമയം ഇത്തരത്തില്‍ സര്‍വിസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്കു അനുമതി നല്‍കിയിട്ടില്ലെന്നാണ് ആര്.ടി.ഒ ഓഫിസില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. മുന്‍പ് വിവിധ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ആ സമയത്ത് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പഴയപടിയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."