ക്രിമിനല്‍ കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: വിഷം കഴിച്ച ശേഷം പൊലിസ് സ്റ്റേഷനില്‍ ഹാജരായ വാറണ്ട് പ്രതി ചികിത്സക്കിടയില്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു.ഏറെനാളായി പൊലിസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്ന കനകപ്പള്ളിയിലെ പരേതനായ ചന്ദ്രന്റെ മകന് കുഞ്ഞിക്കണ്ണനാണ് (32) വിഷം കഴിച്ച ശേഷം ഇന്നലെ രാവിലെ പൊലിസ് സ്റ്റേഷനില്‍ ഹാജരായത്. എന്നാല്‍ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറയുകയും സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് കനകപ്പള്ളിയില്‍ നിന്നും നാട്ടുകാരെ വിളിച്ചുവരുത്തി കുഞ്ഞിക്കണ്ണനെ അവര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. നാട്ടുകാര്‍ ഇയാളെ കാഞ്ഞങ്ങാട് ജില്ലാആശുപത്രിയില്‍ എത്തിച്ച ശേഷം അവിടെ അഡ്മിറ്റ് ചെയ്തു. ചികിത്സയിലൂടെ അപകടനില തരണം ചെയ്ത കുഞ്ഞിക്കണ്ണന് കഴിഞ്ഞ ദിവസം രാത്രിയോടെ ഒപ്പമുണ്ടായിരുന്ന നാട്ടുകാരെ വെട്ടിച്ച് ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അടിപിടി കേസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാതെ വന്നതോടെയാണ് വെള്ളരിക്കുണ്ട് പൊലിസ് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണ്‍ മുഖാന്തിരം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."