റോഡരികിലെ അനധികൃത ഇരിപ്പിടങ്ങള്‍ സംഘര്‍ഷ കേന്ദ്രമാകുന്നു
ടെലഫോണ്‍ പോസ്റ്റുകളുടെ അകത്താണ് വടിവാള്‍, ഇരുമ്പ് കമ്പി, പാര, കൊടുവാള്‍, സ്റ്റീല്‍ ബോംബുകള്‍ എന്നിവ രഹസ്യമായി സൂക്ഷിക്കുന്നതെന്നാണു വിലയിരുത്തല്‍
തലശ്ശേരി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ റോഡരികുകളില്‍ അനധികൃതമായി കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍ സ്ഥിര സംഘര്‍ഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. ഉപേക്ഷിക്കപ്പെട്ട ടെലഫോണ്‍-ഇലക്ട്രിക് പോസ്റ്റുകള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്നവയാണ് മിക്ക ഇരിപ്പിടങ്ങളും. ഉപേക്ഷിക്കപ്പെട്ട ഉള്‍ഭാഗം പൊള്ളയായ ടെലഫോണ്‍ പോസ്റ്റുകളുടെ അകത്താണ് വടിവാള്‍, ഇരുമ്പ് കമ്പി, പാര, കൊടുവാള്‍, സ്റ്റീല്‍ ബോംബുകള്‍ എന്നിവ രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍.
നേരത്തെ ജില്ലാ പൊലിസ് മേധാവി ഇത്തരം താല്‍ക്കാലിക ഇരിപ്പിടങ്ങളും കൊടിതോരണങ്ങളും പൊലിസിന്റെ എടുത്ത് മാറ്റിയിരുന്നെങ്കിലും താല്‍കാലിക ഇരിപ്പിടങ്ങള്‍ ഇപ്പോള്‍ വീണ്ടും വ്യാപകമായിരിക്കുകയാണ്.
തലശ്ശേരി നഗരസഭാ പരിധിയില്‍പെടുന്ന കല്ലില്‍താഴ, തലായി , ടെമ്പിള്‍ഗേറ്റ്, ചക്യത്ത് മുക്ക്, കൊമ്മല്‍വയല്‍, മാടപ്പീടിക, കുയ്യാലി, കൊളശ്ശേരി, കാവുംഭാഗം, ഇടയില്‍പ്പീടിക എന്നിവയ്ക്ക് പുറമെ, എരഞ്ഞോളി കതിരൂര്‍ പഞ്ചായത്തുകളിലെ ചോനാടം എരകത്ത് പീടിക, പെരുന്താറ്റില്‍, കുടക്കളം, മലാല്‍, ഡയമണ്ട് മുക്ക്, പുല്യോട്, പുല്യോടി , നാമത്ത് മുക്ക്, ഓട്ടച്ചിമാക്കൂല്‍ എന്നിവിടങ്ങളില്‍ സ്ഥിരസംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നത് സി.പി.എം, ബി.ജെ.പി പാര്‍ട്ടികളില്‍ പെട്ടവര്‍ കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് ആക്ഷേപമുണ്ട്. അടുത്ത കാലത്ത് പൊലിസ് നടത്തിയ റെയ്ഡില്‍ കോടിയേരിയിലെ കൊമ്മല്‍ വയല്‍ പ്രദേശത്തുനിന്ന് ഇത്തരത്തില്‍ സൂക്ഷിക്കപ്പെട്ട ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
വരും മാസങ്ങളില്‍ ക്ഷേത്രോത്സവങ്ങള്‍ ആരംഭിക്കാനിരിക്കെ സംഘര്‍ഷസാധ്യത കണക്കിലെടുത്തു ഇത്തരം അനധികൃത ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയുണ്ടാവണമെന്നു ജനം ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ പതിവായി നടക്കുന്ന കലശങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കിയതോടെ ക്ഷേത്രപരിസരത്തുള്ള പ്രദേശങ്ങളും സംഘര്‍ഷത്തിന്റെ മേഖലകളായി മാറിയിട്ടുണ്ടെന്നും പൊലിസിന്റെ ഭാഗത്ത് നിന്നു ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."