യുവമോര്‍ച്ച പ്രവര്‍ത്തകനു വെട്ടേറ്റ സംഭവം അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം റോഡില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ അഞ്ചു പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. പള്ളിക്കുന്ന് മില്‍ക്ക് സൊസൈറ്റിക്കു സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകന് ഉണ്ണി എന്ന ശരത്തിനാണ്(27) തിങ്കളാഴ്ച രാത്രി 12ഓടെ വെട്ടേറ്റത്. അക്രമം നടന്ന റോഡിനു സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമിസംഘത്തെ പൊലിസ് തിരിച്ചറിഞ്ഞത്. ടൗണ്‍ സി.ഐ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് അക്രമവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ കസ്റ്റഡിയില്‍ എടുത്തത്.
അക്രമത്തില്‍ പരുക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. ശരത്തിനൊപ്പം ഉണ്ടായിരുന്ന ഇടച്ചേരിയിലെ പുഷ്പരാജിനും(21) പരുക്കേറ്റിരുന്നു. പള്ളിക്കുന്ന് ടൗണില്‍ നിന്നു വീട്ടിലേക്കു ബൈക്കില്‍ പോകവേ വടിവാളും ഇരുമ്പു പൈപ്പുകളുമായി ബൈക്കുകളിലെത്തിയ സംഘമാണ് ശരത്തിനെ ആക്രമിച്ചത്. വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റ ശരത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
പരുക്കേറ്റ പുഷ്പരാജ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പുഷ്പരാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ ടൗണ്‍ പൊലിസ് കേസെടുത്തു. അക്രമ സ്ഥലം എസ്.പി സഞ്ജയ്കുമാര്‍ ഗുരുദ്ദീന്‍, ഡിവൈ.എസ്.പി പി.പി സദാനന്ദന്, സി.ഐ കെ.വി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും എസ്.പി അറിയിച്ചു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നു ബി.ജെ.പി ആരോപിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പള്ളിക്കുന്ന് മേഖലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പള്ളിക്കുന്ന്, പൊടിക്കുണ്ട് ടൗണുകളില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ബി.ജെ.പി നേതൃത്വത്തില്‍ പള്ളിക്കുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."