തമിഴ് വട്ടിപ്പലിശ സംഘങ്ങള്‍ ; ഒരു വര്‍ഷത്തിനിടെ പെരുകിയത് മൂന്നിരട്ടിയോളം
നിലമ്പൂര്‍: ഓപ്പറേഷന്‍ കുബേര കാറ്റില്‍ പറന്നതോടെ ഒരിടവേളക്കു ശേഷം ജില്ലയില്‍ തമിഴ് വട്ടിപ്പലിശ സംഘങ്ങള്‍ മൂന്നിരട്ടിയായി. ഓരോ നഗരങ്ങളിലും ഇപ്പോള്‍ 40നും 60നും ഇടയില്‍ വട്ടിപ്പലിശ സംഘങ്ങളുണ്ട്. ഒട്ടുമിക്ക നഗരങ്ങളിലും, ഗ്രാമങ്ങളിലും നടക്കുന്ന അനധികൃത പണമിടപാടുകളില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്നാണു പൊലിസ് നിഗമനം.
നിലമ്പൂര്‍, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, വളാഞ്ചേരി തുടങ്ങിയ നഗരങ്ങളിലും ഒട്ടേറെ ഗ്രാമങ്ങളും തമിഴ് വട്ടി സംഘങ്ങളുടെ പിടിയിലാണ്. പ്രാദേശിക വട്ടി സംഘങ്ങളെക്കാള്‍ കൂടുതല്‍ തമിഴ് സംഘങ്ങളാണ് ജില്ലയില്‍ പിടിമുറുക്കിയിട്ടുള്ളത്. ഇതില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും. തമിഴ്‌നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരുമുണ്ട്. തമിഴ് തീവ്രവാദ സംഘടനകളുമായി വട്ടിപ്പലിശ സംഘത്തിലെ പലര്‍ക്കും ബന്ധമുള്ളതായാണു സൂചന. സംഘത്തിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ പൊലിസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
നിലമ്പൂരാണ് ജില്ലയില്‍ കൂടുതല്‍ വട്ടിപ്പലിശക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വീടുകള്‍ തോറും പലിശയ്ക്ക് പണം കൊടുക്കുന്ന ഇവര്‍ വന്‍കിടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ലക്ഷങ്ങളാണു കൈമാറുന്നത്. നൂറിനു പത്ത് രൂപ പ്രകാരമാണ് പലിശ ഈടാക്കുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചു ദിവസ, ആഴ്ച, മാസ കണക്കിനാണു പിരുവുകള്‍ നടത്തുന്നത്. 5000 രൂപ പലിശയ്ക്കു വാങ്ങുന്ന വ്യക്തി 12 ആഴ്ചകൊണ്ട് 7000 രൂപ മടക്കി നല്‍കണം. ആദ്യത്തെ പലിശ എടുത്തശേഷമാണു തുക നല്‍കുന്നത്. ഒരു ലക്ഷം രൂപ പലിശക്കെടുത്താല്‍ ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ ആറ് മാസത്തിനുള്ളില്‍ മടക്കി നല്‍കണം.
ദിവസവേതനക്കാരാണു പിരിവു നടത്തുന്നത്. നിലമ്പൂരിലെ വിവിധ പൊലിസ് സ്റ്റേഷന്‍ പരിധികളിലായി നൂറുകണക്കിനു തമിഴരാണു വട്ടിപ്പലിശ രംഗത്തു പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ പൊലിസ് സ്‌റ്റേഷനുകളില്‍ ഇവരെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങളില്ല. ദിവസേന പിരിവിനെത്തുന്ന പലരും മാസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാവുകയും പകരം മറ്റു ആളുകള്‍ എത്തുകയുമാണു പതിവ്.
വട്ടിപ്പലിശക്കാരായ തമിഴ് സംഘങ്ങള്‍ ജില്ലയില്‍ സ്വന്തമായി വീടുകള്‍ നിര്‍മിച്ചു വ്യവഹാരത്തിലേര്‍പ്പെട്ടുവരികയാണ്. സിനിമ തിയറ്ററുകള്‍, വാഹനങ്ങള്‍, തോട്ടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും ഇവര്‍ വാങ്ങികൂട്ടിയിട്ടുണ്ട്. അതേസമയം ചിലര്‍ ടൗണുകളിലെ ക്വാര്‍ട്ടേഴ്‌സുകള്‍, ഫ്‌ളാറ്റുകള്‍, വീടുകള്‍ എന്നിവ വാടകെക്കെടുത്താണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിട ഉടമ ചോദിക്കുന്ന വാടക നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നതിനാല്‍ ഒരു രേഖയും ഇല്ലാതെ തന്നെ തമിഴ് സംഘങ്ങള്‍ക്കു കെട്ടിടം വാടകക്കു നല്‍കാന്‍ ഉടമകള്‍ തയ്യാറാവുകയാണ്. അന്യ സംസ്ഥാനക്കാര്‍ക്ക് വീടുനല്‍കുമ്പോള്‍ അവരുടെ വിവരങ്ങള്‍ രേഖാമൂലം അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നു നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ജില്ലയിലെ കെട്ടിട ഉടമകളില്‍ പലരും പ്രത്യേകിച്ചു നിലമ്പൂരില്‍ ഈ നിയമം പാലിക്കുന്നില്ല. വന്‍ വാടക വാങ്ങുന്ന ഇനത്തില്‍ നഗരസഭകളില്‍ നല്‍കാനുള്ള നികുതിയും ഇവര്‍ അടക്കുന്നില്ല.
പഞ്ചായത്തുകളിലും നഗരസഭകളിലും തുച്ഛമായ തുകയാണു വാടകയായി കാണിക്കുന്നത്. കെട്ടിട ഉടമകളുമായി തമിഴ് സംഘങ്ങളെ പരിചയപ്പെടുത്തതു പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ദല്ലാളുമാരാണ്. ഒരു മാസത്തെ വാടക കമ്മിഷന്‍ കൈപ്പറ്റിയാണു തമിഴ് സംഘങ്ങള്‍ക്കു വാടക വീട് ഒരുക്കിക്കൊടുക്കുന്നത്. വന്‍തോതിലുള്ള പണമിടപാടുകളാണു തമിഴ് സംഘങ്ങള്‍ നടത്തുന്നതെന്നാണു സൂചന.
പലിശയും മുതലും നല്‍കാന്‍ കഴിയാത്തവരുടെ ഭൂമി, സ്വകാര്യ ബസുകള്‍ എന്നിവ ജില്ലയില്‍ ബിനാമിയായി ഈ സംഘങ്ങള്‍ വാങ്ങികൂട്ടിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."