പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് സ്കൂളിന്റെ പേരില്ലാത്തത് ദുരിതമാകുന്നു
എടവണ്ണപ്പാറ: പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന ദിവസം അടുത്തിട്ടും സ്കൂളിന്റെ പേര് വെബ്സൈറ്റില്‍ ഇല്ലാത്തതിനാല്‍ അപേക്ഷിക്കാനാവാതെ അഞ്ഞൂറിലധികം അപേക്ഷകര്‍ പ്രയാസപ്പെടുന്നു. വാഴക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പേരാണ് സൈറ്റില്‍ ഇല്ലാത്തത്.
പുതിയ രീതിയനുസരിച്ച് പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ വെരിഫിക്കേഷന് നടത്തി സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് തിരിച്ച് നല്കി രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ വഴിയാണ് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നത്.
കൂടുതല്‍ രക്ഷിതാക്കളും ഇതിനായി അക്ഷയ സെന്ററുകളെ ആശ്രയിക്കുന്നു. ഇത്തരത്തില്‍ അക്ഷയ സെന്ററില്‍ എത്തിയ അറുനൂറോളം അപേക്ഷകളാണ് സ്കൂളിന്റെ പേരില്ലാത്തതിനാല്‍ അപേക്ഷിക്കാന്‍ കഴിയാതെ അക്ഷയ കെട്ടിക്കിടക്കുന്നത്.
അധികൃതരുടെ മുന്നില്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും സ്കൂളിന്റ പേര് സൈറ്റില്‍ വരാത്തതിനാല്‍ രക്ഷിതാക്കളും അധ്യാപകരും അക്ഷയ സെന്റര്‍ ജീവനക്കാരും ഒരുപോലെ പ്രയാസപ്പെടുകയാണ്. ഈ മാസം മുപ്പതാണ് അപേക്ഷിക്കാനുള്ള അവസാന ദിവസം. ഇന്നോ നാളെയോ സ്കൂളിന്റെ പേര് സൈറ്റില്‍ വന്നാല്‍ തന്നെ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഏറെ പ്രയാസമാണെന്ന് അക്ഷയ സെന്റര്‍ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സ്കൂളിന്റ പേര് സൈറ്റില്‍ വരുന്നതോട് കൂടി അപേക്ഷിക്കാനുള്ള അവസാന ദിവസം നീട്ടിക്കിട്ടുകയും ചെയ്താല്‍ മാത്രമേ ഇത്രയും അപേക്ഷകര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.
ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സ്കോളര്‍ഷിപ്പ് ലഭിക്കാതെ പോവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."