റാഫ് സ്ഥാപിച്ച ബസ് ഷെല്‍ട്ടറുകളുടെ ഉദ്ഘാടനം 25ന് എടപ്പാളില്‍
മലപ്പുറം: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം എടപ്പാള്‍ നിവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്തു റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ (റാഫ്) കീഴില്‍ എയ്ഡ്‌സെന്‍സ് ഒന്‍പതോളം ബസ് ഷെല്‍റ്ററുകള്‍ നിര്‍മിക്കുന്നു. സമിതിയുടെ കീഴില്‍ ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണ്. റോഡ് സുരക്ഷയുടെ ഭാഗമായി നിര്‍മിച്ചുവരുന്ന ബസ് ഷെല്‍റ്ററുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ 25 ന് രാവിലെ 10നു എടപ്പാളില്‍ നിര്‍വഹിക്കും. കുറ്റിപ്പുറം - തൃശൂര്‍ റോഡിലും പട്ടാമ്പി - പൊന്നാനി റോഡിലുമായിട്ടാണ് ഒമ്പതോളം ഷെല്‍ട്ടറുകള്‍ നിര്‍മിച്ചത്. ഇതിന്റെ ഭാഗമായി എടപ്പാള്‍ ടൗണിലെ നാലു റോഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇത്തരം ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണം.
വാഹന പാര്‍ക്കിംഗിന് അനുയോജ്യമായ സ്ഥലങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതായുണ്ട്. റോഡ് കൈയേറ്റവും അനധികൃത പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുന്നതോടെ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയുമെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളോടൊപ്പം പൊലിസ്, പൊതുമരാമത്ത്, ഗതാഗത, റവന്യൂ തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയും സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു അധ്യക്ഷനാകും. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ദേവിക്കുട്ടി, അഡ്വ. എം.ബി. ഫൈസല്‍, ബ്ലോക്ക് പ്രസിഡന്റ് കെ.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ബിജോയ്, ഷീജ പാറക്കല്‍, കെ. പി ബാബു ഷെരീഫ് , വിവിധ വകുപ്പു മേധാവികള്‍ ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."