പൊതുവിദ്യാലയങ്ങള്‍ക്ക് ഒരു ഹൈടെക് മാതൃക
മലപ്പുറം: സാങ്കേതിക വിദ്യയോടൊപ്പം പഠിച്ചുവളരുകയാണ് ഇവിടെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. ഇരുമ്പുഴി ജി.എം.യു.പി സ്‌കൂളാണ് സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന ആധുനിക സാങ്കേതിക വിദ്യയുമായി വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നത്. പഠനം കൂടുതല്‍ എളുപ്പവും രസകരവുമാക്കി മാറ്റാനുള്ള നൂതന സംവിധാനങ്ങളാണ് സ്‌കൂളിലെ മുഴുവന്‍ ക്ലാസ് റൂമിലും ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടുകൂടി സ്‌കൂളിലെ ക്ലാസ് മുറികളെല്ലാം ഡിജിറ്റലൈസ് ചെയ്തു. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. മുഴുവന്‍ പദ്ധതിയും യാഥാര്‍ഥ്യമാകുന്നതോടുകൂടി 25 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
700 വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. 22 ക്ലാസ് മുറികളുണ്ട്. ഓരോ ക്ലാസ് മുറികളിലും എല്‍.ഇ.ഡി ടിവിയും നെറ്റ് കണക്ഷനുമാണ് ഒരുക്കിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തോടൊപ്പം ഐടി അറ്റ് സ്‌കൂള്‍ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികളിലും കുട്ടികള്‍ക്ക് ഭാഗമാവാന്‍ കഴിയും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും കൂട്ടായ്മയിലൂടെ സമാഹരിച്ച തുക കൊണ്ടാണ് വിദ്യാലയത്തില്‍ ഇത്തരത്തിലൊരു പദ്ധതി പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ അധ്യക്ഷയാവും. പി.ടി.എ പ്രസിഡന്റ് യു. മൂസ, പ്രാധാനാധ്യാപിക കെ.എം സുഷ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്, നിഷ കൈനിക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."