ലഹരിക്കായി വീര്യം കൂടിയ മരുന്നുകള്‍
കൊടുങ്ങല്ലൂര്‍: മെഡിക്കല്‍ ഷോപ്പുകളില്‍ വേദനാ സംഹാരികള്‍ക്ക് വന്‍ ഡിമാന്റ്. ആവശ്യക്കാര്‍ ഏറെയും യുവാക്കള്‍. ലഹരിക്കായാണ് പലരും വീര്യം കൂടിയ മരുന്നുകള്‍ ഉപയോഗിക്കുന്നത്.
നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ലഭിക്കും എന്നുള്ളതും ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നുള്ളതുമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ ജീവന്‍ വരെ നഷ്ടപെടാന്‍ സാധ്യതയുള്ള പലമരുന്നുകളുമാണ് യുവാക്കള്‍ വളരെ ലാഘവത്തോടെ ഉപയോഗിക്കുന്നത്. ജില്ലയില്‍ ഒരു യുവാവ് ഇത്തരത്തിലുള്ള മരുന്ന് ഉപയോഗിച്ച് മരണപ്പെട്ടത് അടുത്തിടെയാണ്. എന്നാല്‍ ഈവിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഒരുതരത്തിലുമുള്ള നടപടികള്‍ ഉണ്ടാകുന്നുമില്ല. പൊലിസും, എക്‌സൈസും മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് രഹസ്യ പരിശോധന നടത്താനും തയാറാകുന്നില്ല.
മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് കൊടുക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണമെന്നിരിക്കേ പല മെഡിക്കല്‍ ഷോപ്പുകളും കൊള്ള ലാഭം ലക്ഷ്യംവച്ച് കുറിപ്പടിയില്ലാതെ അനധികൃതമായാണ് മരുന്നുകള്‍ നല്‍കുന്നത്.
ജില്ലയില്‍ വന്‍തോതില്‍ യുവാക്കള്‍ പുതിയ ലഹരിയുടെ വഴിതേടികൊണ്ടിരിക്കുകയാണ്. പല മെഡിക്കല്‍ ഷോപ്പുകളും ഇതിന് സഹായം ചെയ്യുകയാണ് എന്നും ആക്ഷേപം ഉണ്ട്.
വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്ക് നല്‍കുന്ന ചില സ്റ്റിറോയ്ഡുകള്‍ക്ക് പോലും പതിനെട്ട് തികയാത്തവര്‍ ആവശ്യക്കാരായുണ്ട്. രോഗ ശമനത്തിനായി ഉപയോഗിക്കേണ്ടുന്ന വീര്യം കൂടിയ മരുന്നുകള്‍ ലഹരിമരുന്നാക്കി മാറ്റുന്ന തന്ത്രം വ്യാപകമായതോടെ യഥാര്‍ഥ ആവശ്യക്കാരന്‍ ആരാണെന്ന് തിരിച്ചറിയാനാകാതെ മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാര്‍ കുഴങ്ങുകയാണ്.
നാഡീ സംബന്ധമായ രോഗങ്ങള്‍ക്കും, അപസ്മാരത്തിനും ഉള്ള മരുന്നുകളാണ് ഇത്തരത്തില്‍ കൂടുതലായും ദുരുപയോഗം ചെയ്യപ്പെടുന്നത്. ചുമ മരുന്ന് പോലും ഇത്തരക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഒട്ടുമിക്ക മെഡിക്കല്‍ ഷോപ്പുകളിലും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കാറില്ല.
എന്നാല്‍ ലാഭക്കണ്ണോടെ മാത്രം കച്ചവടം നടത്തുന്ന ചിലര്‍ ആളും തരവും നോക്കാതെ ഏത് മരുന്നും വില്‍ക്കുന്നുണ്ട്. ചില വിരുതന്‍മാര്‍ ഡോക്ടറുടെ കുറിപ്പടി വ്യാജമായി ഉണ്ടാക്കി മരുന്ന് സംഘടിപ്പിക്കാറുണ്ട്.
ഒരിക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ വീര്യം കൂടിയ വേദനസംഹാരി തേടിയെത്തിയ യുവാവിനോട് എന്താണ് അസുഖമെന്ന ഫാര്‍മസിസ്റ്റിന്റെ ചോദ്യത്തിന് എയ്ഡ്‌സ് എന്നായിരുന്നു മറുപടി. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട ഒരു പഞ്ചായത്തില്‍ ആയുര്‍വേദ മരുന്ന് കടയില്‍ പതിവായി ചുമ മരുന്ന് വാങ്ങാന്‍ ചില അന്യസംസ്ഥാന തൊഴിലാളികള്‍ എത്താറുണ്ട്. ഓരോ തവണയും പത്തും പതിനഞ്ചും കുപ്പി മരുന്നാണ് ഇവര്‍ വാങ്ങുന്നത്.
സംഭവത്തിന്റെ ഗൗരവം തിരിച്ചറിയാത്ത ഇവിടുത്തെ സെയില്‍സ് ഗേള്‍ വളരെ ലാഘവത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. എന്തൊക്കെ രീതിയില്‍ ലഹരി സൃഷ്ടിക്കാമെന്നതില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞരെ പോലും വെല്ലുന്ന വിധത്തിലാണ് കൗമാര പ്രായക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ലഹരിക്കു വേണ്ടിയുള്ള പരാക്രമത്തില്‍ സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ളവരെയും നശിപ്പിക്കുവാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."