ഭീതി വിതച്ച് സംസ്ഥാന പാതയോരത്ത് പരസ്യ ബോര്‍ഡുകള്‍: കുലുക്കമില്ലാതെ അധികൃതര്‍
വടക്കാഞ്ചേരി: സംസ്ഥാന പാതയോരത്തെ പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീക്ഷണിയാകുമ്പോള്‍ ഒന്നും ചെയ്യാതെ കയ്യും കെട്ടിയിരുന്ന് അധികൃതര്‍. നിരത്തുകളിലെ കമാനങ്ങള്‍ക്കും, ബോര്‍ഡുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ നടപടി കൈകൊള്ളാന്‍ അധികൃതര്‍ തയാറാകുന്നില്ല. പാതയോരങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതി വിധി പോലും പരസ്യമായി ലംഘിക്കപ്പെടുകയാണ്. പാതയോരത്ത് ദൂര കാഴ്ചകള്‍ മറച്ച് നിരവധി ബോര്‍ഡുകളാണ് വടക്കാഞ്ചേരി മേഖലയില്‍ മാത്രം സ്ഥാനം പിടിച്ചിട്ടുള്ളത്.
ഇന്നലെ പുഴ പാലത്തിന് സമീപം ബഹുനില കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് കാറ്റില്‍ നെടുകെ പിളര്‍ന്ന് സംസ്ഥാന പാതയിലേക്ക് പതിച്ച് വൈദ്യുതി കമ്പിയില്‍ കുടുങ്ങി കിടന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന സംസ്ഥാന പാതയിലേക്ക് ഫ്‌ളക്‌സിന്റെ ഭാഗങ്ങള്‍ എത്താതിരുന്നത് വന്‍ അപകടം ഒഴിവാക്കി. വൈദ്യുതി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി 15 മിനിറ്റോളം വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ബോര്‍ഡ് നീക്കം ചെയ്തത്. വൈദ്യുതി പോസ്റ്റുകളില്‍ നിരവധി ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുമ്പോള്‍ കൈ മടക്കിന് വേണ്ടി അധികൃതര്‍ കണ്ണടച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."