സ്വകാര്യബസിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ച സംഭവം ജനരോഷം ഇരമ്പി ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി
മിച്ചല്‍ ജങ്ഷന്‍ നിശ്ചലമായത് രണ്ട് മണിക്കൂര്‍
മാവേലിക്കര: മിച്ചല്‍ ജംഗ്ഷനില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മിച്ചല്‍ ജംഗ്ഷന്‍ ഉപരോധിച്ചു. ട്രാഫിക് സിഗ്നല്‍ ലൈറ്റ് ലംഘിച്ച് ബസ് സ്റ്റാന്‍ഡിലേക്ക് തിരിച്ച സ്വകാര്യ ബസ് ഇടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ച സംഭവത്തിലാണ് പ്രതിഷേധം ഇരമ്പിയത്. വെട്ടിയാര്‍ താന്നിക്കുന്ന് പാലവിളതെക്കതില്‍ വര്‍ഗീസ്.വി.ഡാനിയേല്‍(55), വെട്ടിയാര്‍ താന്നിക്കുന്ന് മാവിളയില്‍ സുധിഭവനില്‍ എം.ഒ.ബേബി(70) എന്നിവരാണ് മരിച്ചത്.
1.40 ഓടെ ആരംഭിച്ച പ്രതിഷേധം നാല് മണിവരെ നീണ്ടു. സംഭവസ്ഥലത്തുനിന്നും അപകടത്തില്‍ പെട്ട വാഹനങ്ങള്‍ മാറ്റാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാട്ടുകാര്‍ക്കൊപ്പം യാത്രികരും പ്രതിഷേധത്തിന്റെ ഭാഗമായി. നഗരസഭ പ്രദേശത്തെ റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന അനധികൃത കൈയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുക. ബസുകളുടെ ട്രാഫിക് നിയമലംഘനത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കുക.അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
ആര്‍.ഗിരീഷ് തഴക്കര, അനീവര്‍ഗ്ഗീസ്, ഹരിദാസ് പല്ലാരിമംഗലം, കോശിതുണ്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപരോധത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും അണിചേര്‍ന്നു. മാവേലിക്കര സി.ഐ.പി.ശ്രീകുമാര്‍, ജോയിന്റ് ആര്‍ടിഒ രമണന്‍ എന്നിവര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ സമരത്തില്‍ നിന്ന് പിന്‍തിരിയാന്‍ സന്നദ്ധരായില്ല . ചെങ്ങന്നൂര്‍ ആര്‍ഡിഒ എ ഗോപകുമാര്‍ എത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന് നല്‍കിയ ഉറപ്പിന്‍മേലാണ് പ്രതിഷേധക്കാര്‍ വാഹനം നീക്കാന്‍ അനുവദിച്ചത്. തുടര്‍ന്ന് ചെയര്‍പേഴ്‌സന്റെ നിര്‍ദ്ദേശപ്രകാരം മുന്‍സിപ്പല്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ 26നകം് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മിച്ചല്‍ ജംഗ്ഷനിലെ പ്രശ്‌നങ്ങള്‍ക്ക് ശാശത പരിഹാരമുണ്ടാക്കാമെന്നും ആര്‍ഡിഒ ഉറപ്പ് നല്‍കി. മിച്ചല്‍ ജംഗ്ഷന് 50 മീറ്റര്‍ പരിസരത്ത് പാര്‍ക്കിംഗ് ഒഴിവാക്കാനും. വഴിയോരക്കച്ചവടങ്ങള്‍ ഒഴിവാക്കാനും മിച്ചല്‍ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനും യോഗം തീരുമാനമെടുത്തു.
പാതയോരങ്ങളിലെ കുഴികള്‍ അടക്കാനും ആവശ്യമായ ബോര്‍ഡുകള്‍ അടിയന്തിരമായി സ്ഥാപിക്കാനും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. മാവേലിക്കരയില്‍ അപകടസാധ്യതയേറിയ നിരവധി സ്ഥലങ്ങളുടെണ്ടെന്നും പലപ്പോഴും വഴിയോരകച്ചവടങ്ങള്‍ ഇവയ്ക്ക് കാരണമായേക്കാമെന്നും കണ്ടെത്തി. ഇവരെ ഒഴിവാക്കാനും അപകട സാധ്യത കുറയ്ക്കാനുള്ള നടപടികളുടേയും ഭാഗമായി പോലീസ്, ഭക്ഷ്യസുരക്ഷ, മോട്ടോര്‍ വാഹനവകുപ്പ്, പിഡബ്ല്യൂഡി എന്നിവയുടെ സംയുക്ത പരിശോധനകള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.അപകടത്തിനു കാരണമായ മറ്റക്കല്‍ എന്ന സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കിയതായി മാവേലിക്കര ജോയിന്റ് ആര്‍ടിഒ ആര്‍ രമണന്‍ അറിയിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതായും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ വിവിധ രാഷ്ട്രീക കക്ഷികളുടെ പ്രതിനിധികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, പോലീസ്, മോട്ടോര്‍വാഹനവകുപ്പ്, പിഡബ്ല്യൂഡി എന്നീവകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."