അടിമാലി - കുമളി ദേശീയപാത നിര്‍മ്മാണോദ്ഘാടനം ഒക്‌ടോബര്‍ 12 ന്
അടിമാലി: ഇടുക്കിക്ക് കുറുകെ പുതിയതായി അനുവദിച്ച ദേശീയപാത 185 ന്റെ നിര്‍മ്മാണോദ്ഘാടനം ഒക്‌ടോബര്‍ 12 ന് 2 മണിക്ക് അടിമാലിയില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി കെ.ടി ജലീല്‍ ദേശീയപാതയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് എം.എം.മണി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി പി.ജെ ജോസഫ്, എം.എല്‍.എ മാരായ എസ്.രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേശീയപാതയുടേയും പൊതുമരാമത്ത് വകുപ്പിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ പുതിയതായി ലഭിച്ച അടിമാലി കുമളി ദേശീയപാതയ്ക്ക് 100 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര ഹൈവേ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 2017 ഫെബ്രുവരി 28 ന് ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തിയാവും. 96 കിലോമീറ്ററാണ് പുതിയ ഹൈവേ റോഡ് നിര്‍മ്മിക്കുന്നത്. ഇടുക്കിയുടെ 3 നിയമസഭാ മണ്ഡലങ്ങളില്‍ കൂടി കടന്നുപോകുന്ന പുതിയ ഹൈവേ ജില്ലയുടെ ടൂറിസം വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാവും. നാലു റീച്ചുകളിലായി എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി എഗ്രിമെന്റും വച്ചുകഴിഞ്ഞു. ഭേദപ്പെട്ട കാലാവസ്ഥ ലഭ്യമായ സാഹചര്യത്തില്‍ ദ്രുതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."