കാവേരി: പരസ്പര സഹകരണമാണ് വേണ്ടത്
കാവേരി ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അസ്വസ്ഥത തുടരുകയാണ്. അന്തര്‍സംസ്ഥാന നദീജല തര്‍ക്കം പലപ്പോഴും സംഘര്‍ഷത്തിനും കോടതി വ്യവഹാരത്തിനും കാരണമാകുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ കേരളത്തിനു വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും കോടതിവിധിയുടെയും ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളുടെയുമൊക്കെ അടിസ്ഥാനത്തില്‍ പരമാവധി ആത്മസംയമനം പാലിക്കാന്‍ കേരളം ശ്രമിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ വിശാല താത്പര്യങ്ങളോടെ പെരുമാറുകയാണ് പ്രധാനം.
അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകാന്‍ അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ട്. അന്തര്‍സംസ്ഥാന ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമ്പോള്‍ ആ മുറിവുകള്‍ ഉണക്കാന്‍ കേന്ദ്രസര്‍ക്കാരും മുന്‍കൈ എടുക്കണം.
ലോകം ചെറുതായി വരുന്ന കാലമാണിത്. പരസ്പര സഹകരണമില്ലാതെ ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ല. ഇപ്പോള്‍ തന്നെ ഗതാഗതം മുടങ്ങിയപ്പോള്‍ ഗതി മുട്ടിയവരുടെ രോദനം ആരും കേള്‍ക്കുന്നില്ല. മലയാളികളേയും ഇത് സാരമായി ബാധിച്ചുവെന്നത് കാണാനുമാളില്ല. ഇത്തരം നിലപാടുകള്‍ മാറണം. നാമെല്ലാം ഇന്ത്യക്കാരാണെന്ന തിരിച്ചറിവ് തന്നെ പ്രധാനം.
ഗോപകുമാര്‍
യശ്വന്തപുരം,ബംഗളൂരു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."