ഒന്നുചേര്‍ന്ന് ഒഴുകൂ...
പ്രാദേശിക വികാരങ്ങളിലും താല്‍പര്യങ്ങളിലും ജനങ്ങളുടെ ഒത്തൊരുമയ്ക്കു വിള്ളലുണ്ടാക്കാതെ, ദേശസ്‌നേഹത്തെ, അര്‍പ്പണബോധത്തെ ഇന്ത്യക്കാരനെന്ന പൊതുവികാരത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ സാധ്യമാകും
കാവേരി നദി ജലപ്രശ്‌നം കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ? വെള്ളം വികാരമാകുന്നതിനപ്പുറത്ത് ആവശ്യമുള്ളവനു കൊടുക്കുകയെന്നതാകണം നമ്മുടെ ധര്‍മം.
നദി ഒരു പൊതുസ്വത്താണ്. ജലം ജീവനുള്ളവയ്‌ക്കെല്ലാം പങ്കുവയ്‌ക്കേണ്ടതാണ്. അതിനാല്‍ നദികള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ കുടിവെള്ളപ്രശ്‌നം ഇല്ലാതാക്കാനുമാകും. എന്താണ് നദി സംയോജന പദ്ധതി എന്നു നമുക്കു നോക്കാം.
നദികള്‍ പരസ്പരം ബന്ധിക്കപ്പെടുക എന്നത് ആധുനിക കാലത്തു രൂപപ്പെട്ട ചിന്തയല്ല. പ്രാചീന കാലം മുതലേ ഇതിനുള്ള ശ്രമങ്ങള്‍ നടന്നതായി ചരിത്രം നമ്മോടു പറയുന്നു. ഈജിപ്തുകാരും ബാബിലോണിയക്കാരും റോമക്കാരും ചോളന്മാരുമെല്ലാം അവരുടെ കൃഷിയിടങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി കനാലുകള്‍ നിര്‍മിക്കുന്നതിനും നദികളെ അവയുടെ കൈവഴികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
ജലസംഭരണം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടേണ്ട, ഗൗരവത്തിലെടുക്കേണ്ട, പ്രായോഗികരീതിയില്‍ വിജയിക്കപ്പെടേണ്ട ഒരു വിഷയമായതുകൊണ്ടു തന്നെ നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രസക്തി വര്‍ധിക്കുകയാണ്. ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ചയും മറ്റു ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക ഭീഷണികളും ഒരു പരിധിവരെ പരിഹരിക്കുവാന്‍ കഴിയും.
പ്രാദേശിക വികാരങ്ങളാലും താല്‍പര്യങ്ങളാലും ജനങ്ങളുടെ ഒരുമയില്‍ വിള്ളലുണ്ടാക്കാതെ, ദേശസ്‌നേഹത്തെ അര്‍പ്പണബോധത്തെ, ഭാരതീയനെന്ന ഒരു പൊതുവികാരത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുവാനും നദീസംയോജനത്തിലൂടെ സാധിക്കും.
ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുവാനും നമ്മുടെ രാജ്യത്തെ വികസനത്തിലേക്കു നയിക്കുവാനും നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ സാധ്യമാകുന്നതാണ്.
ദേശീയതലത്തില്‍ നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ചഞഘജ (എന്‍. ആര്‍.എല്‍.പി). ഏകദേശം മുപ്പതോളം നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യ ഇന്നു നേരിടുന്ന ജലപ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കുവാന്‍ കഴിയുമെന്നു പദ്ധതി ലക്ഷ്യമിടുന്നു. ഗംഗയേയും ബ്രഹ്മപുത്രയേയും ബന്ധിപ്പിക്കുവാന്‍ കഴിയുകയാണെങ്കില്‍ തന്നെ ഏറ്റവും വലിയ വികസനത്തിലേക്കുള്ള ജലപ്രശ്‌ന പരിഹാരത്തിലേക്കുള്ള ഒരു കാല്‍വയ്പ്പ് സാധ്യമാക്കാന്‍ കഴിയുമെന്നു വിലയിരുത്തപ്പെടുന്നു. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീജല പദ്ധതികളിലൊന്നായ ചൈനയുടെ മള്‍ട്ടിഡിക്കേഡ് പദ്ധതിയേക്കാളും നാലിരട്ടിയോളം ഫലപ്രദമായ ഒരു പദ്ധതിയായിരിക്കും നമുക്കു ലഭ്യമാകുന്നത്.
ഇന്ത്യയിലെ ഇന്റര്‍ ബേസില്‍ വാട്ടര്‍ ട്രാന്‍സ്ഫര്‍ പദ്ധതി ലക്ഷ്യമിടുന്നത് ഭക്ഷ്യോല്‍പ്പാദനത്തിലുള്ള വര്‍ധനവ്, വരള്‍ച്ച വെള്ളപ്പൊക്കം തുടങ്ങിയവയെ നിയന്ത്രിക്കല്‍, ജലലഭ്യതയിലുള്ള പ്രാദേശിക അസമത്വങ്ങള്‍ കുറച്ചുകൊണ്ടുവരല്‍ തുടങ്ങിയവയാണ്. ഗംഗ, ബ്രഹ്മപുത്ര നദികളെത്തന്നെയാണ് ഈ പദ്ധതിയും പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് ഇവയുടെ കൈവഴികളായി ഒഴുകുന്ന മഹാനദി, ഗോദാവരി, പശ്ചിമഘട്ടത്തില്‍നിന്നു പടിഞ്ഞാറോട്ട് ഒഴുകുന്ന നദികള്‍ തുടങ്ങിയവയിലെ ജലസമൃദ്ധിയും മറ്റും ഉപയോഗപ്പെടുത്തുക എന്നതാണ്.
എന്‍. ആര്‍.എല്‍.പി:
ചില നദീബന്ധങ്ങള്‍
1. കോസി - ഗംഗ
2. ഗാണ്ടക് - ഗംഗ
3. ശാരദ - യമുന
4. ഗംഗ - യമുന
5. സുബേര്‍നാരെഖ - മഹാനദി
ഉപദ്വിപീയ നദികളുടെ
ചിലബന്ധങ്ങള്‍
1. നേത്രാവതി - ഹേമാവതി
2. കെന്‍-ബെത്്വ
3. കാവേരി - പെന്ന
4. മഹാനദി - ഗോദാവരി
5. ഗോദാവരി - കൃഷ്ണ
6. കൃഷ്ണ - പെന്ന
നേട്ടങ്ങള്‍
1. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകും.
2. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യക്ഷാമം നിയന്ത്രിക്കുവാന്‍ കഴിയും.
3. കൃഷിക്കാരുടെ വാര്‍ഷിക വരുമാനം വര്‍ധിക്കും.
4. ഇന്ത്യയുടെ വടക്കും വടക്കു കിഴക്കന്‍ ഭാഗങ്ങളിലുമനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ഭീഷണിയെ നിയന്ത്രിക്കുവാന്‍ കഴിയും.
5. ഏകദേശം നാലു ലക്ഷത്തോളം പുതിയ ജോലി സാധ്യതകള്‍ രാജ്യത്തു രൂപപ്പെടും.
പരിമിതികള്‍
1. വനനശീകരണവും മണ്ണൊലിപ്പും ചിലപ്പോള്‍ സംഭവിച്ചേക്കാം.
2. പുനരധിവാസ പ്രശ്‌നങ്ങള്‍ വര്‍ധിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."