നോക്കൗട്ട് പ്രവേശം ലക്ഷ്യമിട്ട് കേരള രഞ്ജി ടീം
ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് പ്രവേശം ലക്ഷ്യമിട്ടു പുതിയ സീസണിലേക്കുള്ള കേരള ടീമിനെ കണ്ടെത്താനുള്ള പരിശീലന ക്യാംപിന് ആലപ്പുഴയില്‍ തുടക്കമായി. ആലപ്പുഴ എസ്.ഡി കോളജിലെ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്താണ് ക്യാംപ്.
കേരള ടീമില്‍ ഉള്‍പ്പെടുത്തിയ ഇതര സംസ്ഥാന താരങ്ങളായ മുംബൈയുടെ വെറ്ററന്‍ ഓപണിങ് താരം ഭവിന്‍ താക്കര്‍, ഉത്തര്‍പ്രദേശ് താരം ഇഖ്ബാല്‍ അബ്ദുല്ല, മധ്യപ്രദേശ് ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേന എന്നിവര്‍ ക്യാംപിലുണ്ട്.
ഐ.പി.എല്‍ താരങ്ങളായ സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, രോഹന്‍ പ്രേം ഉള്‍പ്പടെ 21 താരങ്ങളാണ് ക്യാംപിലുള്ളത്. കേരളത്തിനായി മികച്ച പ്രകടനം നടത്തുന്ന നിഖിലേഷ് സുരേന്ദ്രന്‍, വി.ആര്‍ ജഗദീഷ് എന്നിവരും ക്യാംപിലുണ്ട്.
ആസ്‌ത്രേലിയന്‍ പര്യടനത്തിലായിരുന്ന സഞ്ജു വി സാംസണ്‍ ഉടന്‍ തന്നെ പരിശീലന ക്യാംപില്‍ എത്തും. ഇവര്‍ക്ക് പുറമേ ഐ.പി.എല്ലില്‍ തിളങ്ങിയ മുഹമ്മ സ്വദേശി പ്രശാന്ത് പരമേശ്വരനും ജന്മനാട്ടില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
രാവിലെയും വൈകിട്ടുമായാണ് ഇന്നലെ താരങ്ങളെല്ലാം പരിശീലനത്തിനായി മൈതാനത്തിറങ്ങിയത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലനമാണ് ഇന്നലെ നടത്തിയത്.
ഏഴ് സെന്‍ട്രല്‍ വിക്കറ്റ്, രണ്ട് ഇന്‍ഡോര്‍ വിക്കറ്റ്, ഒരു ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ്, മൂന്ന് ടര്‍ഫ് വിക്കറ്റ് എന്നിവ പരിശീനത്തിനായി പ്രത്യകം സജ്ജമാക്കിയിരിക്കുന്നു.
മുഖ്യ പരിശീലകന്‍ പി ബാലചന്ദ്രനെ കൂടാതെ ബൗളിങ് പരിശീലകന്‍ ടിനു യോഹന്നാല്‍, ഷൈന്‍ തിരുവനന്തപുരം എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം ആരംഭിച്ചത്. പരിശീലനം 30നു അവസാനിക്കും. പത്തു ദിവസത്തെ പരിശീലനത്തിനിടയില്‍ 23, 24 തിയതികളില്‍ പരിശീലന മത്സരവും ക്രമീകരിച്ചിട്ടുണ്ട്.
30നു ആലപ്പുഴയില്‍ വച്ചു രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിക്കും. കേരളത്തിന്റെ ആദ്യ മത്സരം ജമ്മു കശ്മിരുമായി പശ്ചിമ ബംഗാളിലെ കല്യാണിലാണ്.
പിഴവുകള്‍ തിരുത്തുക
പ്രഥമ ലക്ഷ്യം: പി ബാലചന്ദ്രന്‍
ആലപ്പുഴ: പിഴവുകള്‍ തിരുത്തി പുതിയ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യ പരിശീലകന്‍ പി ബാലചന്ദ്രന്‍. ആലപ്പുഴ എസ്.ഡി കോളജ് മൈതാനത്ത് നടക്കുന്ന രഞ്ജി ടീം ക്യാംപിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ എട്ടു മത്സരങ്ങളിലെ ആറെണ്ണത്തില്‍ കേരളം ജയിക്കുകയും ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുകയും ചെയ്തിരുന്നു. എലൈറ്റ് ഗ്രൂപ്പില്‍ എത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ നടന്ന രണ്ടു മത്സരങ്ങളിലെ തോല്‍വി പ്രതീക്ഷകളെ തകിടം മറിച്ചു. ഇത്തവണ ചിത്രം മാറിമറിയാനുള്ള പരിശീലനമാണ് നടക്കുന്നത്. മികച്ച ബൗളിങ് നിരയുണ്ട്. മികച്ച പേസര്‍മാരും സ്പിന്നര്‍മാരുമുണ്ട്. ഓപണിങിലെ പോരായ്മ പരിഹരിക്കാന്‍ അഥിതി താരങ്ങളായ ജലജ് സക്‌സേനയ്ക്കും ഭവിന്‍ തക്കറിനും കഴിയും. സഞ്ജു വി സാംസണിന്റെ മികച്ച ഫോമും ഗുണം ചെയ്യുമെന്നും പി ബാലചന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയിലെ മൈതാനവും വിക്കറ്റും പരിശീലന സൗകര്യങ്ങളും മികച്ച രീതിയിലാണ് കെ.സി.എ ഒരുക്കിയിട്ടുള്ളത്. ഏതുതരം പിച്ചിലും മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന കളിക്കാരെ പരിശീലിപ്പിക്കാനുള്ള സൗകര്യം എസ്.ഡി കോളജ് ഗ്രൗണ്ടിനുണ്ടെന്നും പി ബാലചന്ദ്രന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."