ഐ.എസ്.എല്ലിന് ഇനി എട്ടു നാള്‍; അടിമുടി മാറി ഒാറഞ്ചു പട
പൂനെ സിറ്റി എഫ്.സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇത്തവണയെങ്കിലും മടങ്ങി വന്നേ പറ്റു. ആദ്യ രണ്ടു സീസണിലും മികച്ച താര നിരയുണ്ടായിട്ടും കാര്യമായി ഒന്നും നേടാനായില്ല. സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ ആറാമതും കഴിഞ്ഞ പതിപ്പില്‍ ഏഴാം സ്ഥാനക്കാരും മാത്രമായി. മൂന്നാം പതിപ്പില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് പൂനെ എഫ്.സിയുടെ പടയൊരുക്കം. മുഖ്യ പരിശീലകനെയും മാര്‍ക്വീ താരത്തെയും ഉള്‍പ്പടെ ഒഴിവാക്കി പൂനെയെ അടിമുടി അഴിച്ചു പണിതു. മികച്ച വിദേശ താരങ്ങളെ വലവീശി പിടിച്ചതിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പൂനെ പുതിയ ടീമിനെ ഒരുക്കിയിട്ടുള്ളത്. റൊമാനിയന്‍ മുന്നേറ്റ നിരയിലെ താരമായിരുന്ന അഡ്രിയാന്‍ മുട്ടു പോയി പകരം ഐസ്‌ലന്‍ഡിന്റെ ദേശീയ താരം എദര്‍ ഗുഡ്‌ജോണ്‍സണ്‍ മാര്‍ക്വീ താരമായി എത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് പ്ലാറ്റിനെ നാടുകടത്തിയ പൂനെ മുഖ്യ പരിശീലകനായി അന്റോണിയോ ലോപ്പസ് ഹബാസിനെ അവരോധിച്ചു. ഹബാസിന്റെ പരിശീലക സ്ഥാനത്തേക്കുള്ള വരവ് പൂനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രഥമ പതിപ്പില്‍ അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയെ ചാംപ്യന്‍മാരാക്കുന്നതില്‍ ഹബാസിന്റെ പങ്ക് നിര്‍ണായകമായിരുന്നു. പൂനെയ്ക്ക് രണ്ടാം പതിപ്പിലെ 14 മത്സരങ്ങളില്‍ നാലു വിജയവും മൂന്നു സമനിലയും മാത്രമാണ് നേടാനായത്. ഏഴു കളികളില്‍ തോല്‍വി ഏറ്റുവാങ്ങിയ പൂനെ ഏഴാം സ്ഥാനക്കാരായാണ് കളം വിട്ടത്. രണ്ടു പതിപ്പിലും ഒന്നും നേടാനാവാതെ പോയ പൂനെ എഫ്.സിയെ വിജയത്തിലേക്ക് മടക്കി കൊണ്ടുവരിക എന്നതാണ് ഹബാസ് നേരിടുന്ന പ്രധാന വെല്ലുവിളിയും.
ഗുഡ്‌ജോണ്‍സണ്‍
നയിക്കുന്ന ആക്രമണം
ആക്രമണ നിരയില്‍ ശക്തമായ അഴിച്ചു പണിയാണ് ഇത്തവണ നടത്തിയിട്ടുള്ളത്. മാര്‍ക്വീ താരം എദര്‍ ഗുഡ്‌ജോണ്‍സണ്‍ ആക്രമണ നിരയെ നയിക്കും. കൂട്ടായി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗുസ്താവോ ഒബര്‍മാനും സ്പാനിഷ് താരം ജീസസ് റൊഡ്രിഗസ് ടാറ്റോയും അത്‌ലറ്റിക്കോ മാഡ്രിഡിഡ് താരമായിരുന്ന സെനഗലിന്റെ മോമര്‍ ദോയിയും പുതിയ കുന്തമുനകളായി പൂനെയ്‌ക്കൊപ്പമുണ്ട്. മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ അനില്‍ബാല്‍ സുര്‍ഡോ കൂടി ചേരുന്നതോടെ മുന്നേറ്റ നിര കടലാസില്‍ അതിശക്തരാണ്.
മധ്യനിരയുടെ കരുത്ത്
ഇന്ത്യന്‍ താരങ്ങള്‍
മധ്യ- മുന്നേറ്റ നിരയില്‍ ഒരു പോലെ തിളങ്ങുന്ന ഇന്ത്യന്‍ ദേശീയ ടീമിലെ ജപ്പാന്‍ വംശജനായ അരാറ്റ ഇസുമിയാണ് സൂപ്പര്‍ താരം. സ്പാനിഷ് താരം ബ്രൂണോ ഹെരേരോ ആര്യാസ്, ബ്രസീലിയന്‍ കരുത്തന്‍ ജോനാഥന്‍ ലൂക്ക, മുന്‍ ബാഴ്‌സലോണ താരം പിറ്റു എന്നിവരും കൂടി കൈകോര്‍ക്കുന്നതോടെ മധ്യനിരയുടെ കരുത്തേറും. ഇന്ത്യന്‍ താരങ്ങളായ യൂജിന്‍സെന്‍ ലിങ്‌തോ, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, മനീഷ് മൈതാനി, സഞ്ജു പ്രഥാന്‍ എന്നിവരും പൂനെയുടെ മധ്യനിരയെ സമ്പന്നമാക്കുന്നു.
കോട്ട കാക്കാന്‍ കരുത്തന്‍മാര്‍
പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കാന്‍ ഒരുപിടി വിദേശ- സ്വദേശി താര നിരയെയാണ് പൂനെ ഇറക്കുന്നത്. സ്പാനിഷ് താരം ആന്ദ്രേ ബിക്കേ, ബ്രസീലിയന്‍ താരം എഡ്വേര്‍ഡ് ഫെരേര എന്നിവര്‍ക്ക് കൂട്ടായി ഇന്ത്യന്‍ താരങ്ങളായ അഗസ്റ്റിന്‍ മെല്‍വിന്‍ ഫെര്‍ണാണ്ടസ്, ധര്‍മരാജ് രാവണന്‍, ഗൗര്‍മാംഗി സിങ്, നാരായണ്‍ ദാസ്, രാഹുല്‍ ബെക്കേ, യുംനം രാജു, സോഡിങ്‌ലെയ്‌ന റാള്‍റ്റേ എന്നിവര്‍ കൂട്ടായുണ്ട്.
നിര്‍ണായക
സാന്നിധ്യമായി എഡല്‍
അര്‍മേനിയന്‍ ഗോള്‍ കീപ്പര്‍ അപൗല എഡലിനെ ഒന്നാം നമ്പര്‍ കാവല്‍ക്കാരാനായി എത്തിച്ചത് ഇത്തവണ പൂനെയുടെ സാധ്യതകള്‍ക്ക് കരുത്തേകുന്നതാണ്. ഒന്നാം പതിപ്പില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെയും രണ്ടാം പതിപ്പില്‍ ചെന്നൈയിന്‍ എഫ്.സിയുടെയും വലകാത്തത് അപൗല എഡല്‍ ആയിരുന്നു. എഡല്‍ വല കാത്ത രണ്ടു ടീമും ചാംപ്യന്‍മാരായി എന്നത് ചരിത്രം. മികച്ച സേവുകളിലൂടെ അത്യുജ്ജ്വല പ്രകടനം നടത്തിയ എഡല്‍ ആയിരുന്നു ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയത്. ചെന്നൈയിനില്‍ നിന്നു ഇത്തവണ താരത്തെ പൂനെ റാഞ്ചിയത് വലിയ ലക്ഷ്യങ്ങളോടെയാണെന്നുറപ്പ്. കൂട്ടായി ഇന്ത്യന്‍ താരങ്ങളായ അരിന്ദം ഭട്ടാചാര്യയും, വിശാല്‍ കെയ്തുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."