ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു ഇന്നു കാണ്‍പൂരില്‍ തുടക്കം
കാണ്‍പൂര്‍: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന 500ാം ടെസ്റ്റ് മത്സരത്തിനു ഇന്ന് കാണ്‍പൂരില്‍ തുടക്കം. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 500ാം ടെസ്റ്റ് മത്സരം എന്നതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ സീസണിനുള്ള നാന്ദിയായും മത്സരവും പരമ്പരയും മാറും. ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്നത് തിരക്കിട്ട ക്രിക്കറ്റ് സീസണാണ്. ന്യൂസിലന്‍ഡ് നാട്ടില്‍ നിന്നു പോയാല്‍ പിന്നാലെ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ ടീമുകളും പര്യടനത്തിനെത്തും. 13 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് നാട്ടില്‍ കളിക്കാനുള്ളത്. ചുരുക്കത്തില്‍ 500ാം ടെസ്റ്റ് വിജയിച്ച് ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ഊര്‍ജം ശേഖരിക്കലും ഇന്ത്യ മുന്നില്‍ കാണുന്നു.
മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്നു തുടക്കമിടുന്നത്. ഇന്നു മുതല്‍ 26 വരെ ആദ്യ ടെസ്റ്റ് നടക്കും. ഈ മാസം 30 മുതല്‍ ഒക്ടോബര്‍ നാലു വരെ കൊല്‍ക്കത്തയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും. ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്.
ഒന്നാം റാങ്കിലേക്ക്
ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നത് അഭിമാനകരമായി മാറുന്നതിനൊപ്പം ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്താനുള്ള അവസരമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. നിലവില്‍ പാകിസ്താനു പിന്നില്‍ രണ്ടാം റാങ്കിലാണ് ഇന്ത്യ. 111 പോയിന്റുമായി പാകിസ്താന്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ 110 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത്.
വിരാട് കോഹ്‌ലി-
കെയ്ന്‍ വില്ല്യംസന്‍
യുവ തലമുറയിലെ ഏറ്റവും പ്രതിഭാധനരായ രണ്ടു ബാറ്റിങ് താരങ്ങള്‍ നായകരായി നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പരമ്പരയുടെ സവിശേഷത. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും.
സ്പിന്‍ തന്ത്രം
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ടീമുകള്‍ ഭയപ്പെടുന്നത് ഇവിടുത്തെ സ്പിന്‍ പിച്ചുകളില്‍ കളിക്കുന്നതിലുള്ള സാഹസമാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. പക്ഷേ ഇന്ത്യയെ പോലെ ന്യൂസിലന്‍ഡും സ്പിന്നര്‍മാരെ ആവശ്യത്തിനു ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട് എന്നൊരു വ്യത്യാസമുണ്ട്. ഇന്ത്യക്ക് ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ ത്രയങ്ങളുണ്ടെങ്കില്‍ മറുഭാഗത്ത് മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, മാര്‍ക് ക്രെയ്ഗ് എന്നിവര്‍ കളിക്കും. സമീപ കാലത്ത് ഇന്ത്യയില്‍ പര്യടനത്തിനെത്തിയിട്ടുള്ള ഒരു ടീമും സ്പിന്നില്‍ ഇത്ര വൈവിധ്യമുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടാവില്ല.
ഇന്ത്യക്ക് ബാറ്റിങ് നിരയെ സംബന്ധിച്ച് ആശങ്കകളില്ല. ശിഖര്‍ ധവാനു പകരം മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യം ഓപണ്‍ ചെയ്‌തേക്കും. മികച്ച ഫോമില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, നാകന്‍ വിരാട് കോഹ്‌ലി എന്നിവരും ബാറ്റിങിനു വൈവിധ്യം സമ്മാനിക്കും. അതേസമയം ഒരവസരം കൂടിനല്‍കാമെന്ന തീരുമാനത്തില്‍ ടീമിലിടം കണ്ട രോഹിത് ശര്‍മയ്ക്ക് മികവിലേക്കുയര്‍ന്ന് ടീമിലെടുത്തതിനെ ന്യായീകരിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ചിക്കുന്‍ ഗുനിയ ബാധിച്ച ഇഷാന്ത് ശര്‍മ ആദ്യ ടെസ്റ്റിലിറങ്ങില്ല. ഭുവനേശ്വര്‍ കുമാറിനെ ഏക പേസറാക്കി അശ്വിന്‍- മിശ്ര- ജഡേജ സ്പിന്‍ ത്രയത്തെ കളത്തിലറക്കിയാണ് ഇന്ത്യ കിവികളെ പരീക്ഷിക്കാനൊരുങ്ങുന്നത്.
പരിചയസമ്പന്നനായ പേസ് ബൗളര്‍ ടിം സൗത്തിക്ക് പരുക്കേറ്റ് ഇന്ത്യയിലെത്തിയ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് ന്യൂസിലന്‍ഡിനു തിരിച്ചടിയാണ്. സാന്റനര്‍, ക്രയ്ഗ്, സോധി സ്പിന്‍ ത്രയത്തെ കിവികളും രംഗത്തിറക്കും. പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ സാന്നിധ്യം അവര്‍ക്ക് കരുത്താണ്. ബാറ്റിങില്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍, പരിചയ സമ്പന്നനായ റോസ് ടെയ്‌ലര്‍, മാര്‍ട്ടില്‍ ഗുപ്റ്റില്‍, ടോം ലാതം എന്നിവരുടെ കരുത്തും അവര്‍ക്ക് തുണയാകും. ടെയ്‌ലര്‍ക്കും വില്ല്യംസനും ഐ.പി.എല്ലിലൂടെ ഇന്ത്യന്‍ സാഹചര്യം നല്ല പരിചിതമാണെന്നതും അവര്‍ക്ക് നേട്ടമാണ്.
മോശം പിച്ചെന്ന പഴി ഏറെ കേട്ടിട്ടുള്ള കാണ്‍പൂരിലെ പിച്ചില്‍ കളിക്കാനിറങ്ങുന്നത് ടീമുകള്‍ക്ക് ഉള്‍ഭയം നല്‍കുന്നതാണ്. അഞ്ചു ദിവസം കൊണ്ടു തീരേണ്ട ടെസ്റ്റ് മത്സരങ്ങള്‍ മൂന്നു ദിവസം കൊണ്ട് അവസാനിച്ചതടക്കമുള്ള ചരിത്രം കാണ്‍പൂരിനുണ്ട്. ആദ്യ ദിനം മുതല്‍ വല്ലാതെ കുത്തി തിരിയുന്ന പിച്ച് ടീമുകളുടെ കണക്കുകൂട്ടലുകളെ പലപ്പോഴും അസ്ഥാനത്താക്കി കളയാറുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് പിച്ച് ഒരുക്കിയവര്‍ നല്‍കുന്ന ഉറപ്പ്.
സാധ്യതാ ടീം: ഇന്ത്യ- വിരാട് കോഹ്‌ലി(നായകന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര.
ന്യൂസിലന്‍ഡ്- കെയ്ന്‍ വില്ല്യംസന്‍(നായകന്‍), ടോം ലതം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍, ബി.ജെ വാട്‌ലിങ്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്‌നര്‍, മാര്‍ക് ക്രെയ്ഗ്, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ (ഡൗഗ് ബ്രാസ്‌വെല്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."