പൊലിസ് അസോ. ഭാരവാഹികള്‍ക്കെതിരായ കേസിലെ തുടര്‍നടപടികള്‍ തടഞ്ഞു
കൊച്ചി: പൊലിസ് സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ മിനുട്‌സ് ബുക്കില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് അസോ. ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു.
സൊസൈറ്റി സെക്രട്ടറി എസ് സുജാത, ബോര്‍ഡംഗങ്ങളും പൊലിസ് അസോസിയേഷന്‍ ഭാരവാഹികളുമായ ജി.ആര്‍ അജിത്, ജി.ആര്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരേ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
തനിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതു തടയാനാണ് പൊലിസ് സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം സോമനാഥന്‍ വ്യാജ പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി അജിത് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്‌സ് ബുക്കില്‍ ക്രമക്കേടുകാട്ടിയെന്നാരോപിച്ച് സുജാതയ്‌ക്കെതിരേ സോമനാഥന്‍ നേരത്തെ വിജിലന്‍സ് എസ്.പിയ്ക്കും ഐ.ജിയ്ക്കും പരാതി നല്‍കിയിരുന്നു. വിജിലന്‍സ് എസ്.പി ഈ പരാതി ജില്ലാ പൊലിസ് മേധാവിക്ക് കൈമാറി.
തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ അന്വേഷിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു മറച്ചുവെച്ച് സോമനാഥന്‍ വീണ്ടും നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
വസ്തുതകളും വാദവും കണക്കിലെടുത്ത് ഹരജിക്കാരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി എഫ്.ഐ.ആറില്‍ പറയുന്നതുപോലെ വിശ്വാസവഞ്ചനയടക്കമുള്ള കുറ്റങ്ങള്‍ക്കുള്ള വസ്തുതകളുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."