വ്യാപാരസ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരേ ശിക്ഷ കര്‍ശനമാക്കുന്നു
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളിലെ തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരേയുള്ള നടപടികള്‍ ശക്തിപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കേരളാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമം ശക്തിപ്പെടുത്തും.
തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴശിക്ഷ രണ്ടുലക്ഷം രൂപ വരെയായി ഉയര്‍ത്താന്‍ നടപടികളെടുക്കും.
വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്.
നിയമലംഘനത്തിന് പിഴ ശിക്ഷ ലഭിച്ചവര്‍ അത് വീണ്ടും ആവര്‍ത്തിക്കുന്ന രീതി ഉണ്ടായതിനാലാണ് പിഴ ശിക്ഷ കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് രണ്ടുലക്ഷം രൂപ വരെയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
മാളുകളും ഷോപ്പുകളും ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്ന് മോഡല്‍ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
അതിന്റെ ചുവടു പിടിച്ചാണ് കേരളാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിലും നടപടികള്‍ കര്‍ശനമാക്കുന്നത്. പിഴശിക്ഷ വര്‍ധിപ്പിക്കുന്നതിനായി ആക്ടില്‍ ഭേദഗതി വരുത്താനാവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
നിലവില്‍ ആയിരമോ പതിനായിരമോ രൂപയാണ് പിഴയായി ഈടാക്കുന്നത്. ദിനംപ്രതി ലക്ഷങ്ങള്‍ ലാഭം കൊയ്യുന്ന വന്‍കിട ബിസിനസ് സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ തുകകള്‍ നിസാരമാണ്.
അതിനാല്‍ത്തന്നെ പിഴ അവര്‍ കാര്യമാക്കാറുമില്ല. ഇതിനാലാണ് പിഴശിക്ഷ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങുന്നത്. തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാത്രം വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ 10 പ്രോസിക്യൂഷന്‍ കേസുകള്‍ നിലവിലുണ്ട്.
മിനിമം വേതനം നല്‍കാതിരിക്കല്‍, പ്രസവാവധി സംബന്ധമായ കേസുകള്‍, ദേശീയ അവധി ദിനങ്ങളിലും പ്രാദേശിക അവധി ദിനങ്ങളിലും ജോലിയെടുപ്പിക്കുന്നത് സബന്ധിച്ച കേസുകള്‍, എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍പ്പോലും ഓവര്‍ടൈം ജോലിക്ക് ശമ്പളം നല്‍കാതിരിക്കല്‍, ജോലി സമയത്തിനിടയ്ക്ക് നിശ്ചിത ഇടവേള നല്‍കാതിരിക്കല്‍ എന്നിവ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍.
അടുത്തിടെ തൊഴില്‍ വകുപ്പ് നന്തിലത്ത് ജി മാര്‍ട്ട് ഉള്‍പ്പെടെ പല വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരേയും കേസെടുത്തിരുന്നു. നന്തിലത്ത് ജി മാര്‍ട്ടിനെതിരേ മാത്രം 13 കേസുകള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."