ഉറി ആക്രമണം: ഭീകരരെത്തിയത് തടസങ്ങളില്ലാതെ
ശ്രീനഗര്‍: ഉറി സൈനിക ക്യാംപിലേക്ക് ഭീകരര്‍ കയറിയത് വളരെ സുഗമമായെന്ന് റിപ്പോര്‍ട്ട്. തടസങ്ങളൊന്നും നേരിടാതെ സൈനിക ക്യാംപിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ ജവാന്മാരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതിന് ശേഷം തീ വയ്പ്പ് നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അടുക്കളയിലും സ്റ്റോര്‍ റൂമിലുമായാണ് ജവാന്മാരെ പൂട്ടിയിട്ട് തീ വച്ചത്.
12ാം ബ്രിഗേഡ് ആസ്ഥാനത്തെ കമ്പിവേലി മുറിച്ചു മാറ്റിയ ഭീകരരുടെ സംഘം തടസങ്ങളൊന്നും നേരിടാതെ പട്ടാള ടെന്റുകള്‍ക്കടുത്ത് എത്തുകയായിരുന്നു.രണ്ടു സ്ഥലങ്ങളിലായാണ് വേലി പൊളിച്ചിട്ടുള്ളത്. 150 മീറ്റര്‍ ദൂരം ഇവര്‍ നടന്നു നീങ്ങി. പിന്നീട് മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവര്‍ ആക്രമണം നടത്തിയത്. സൈനികര്‍ ഷിഫ്റ്റ് മാറുന്ന സമയമായതിനാല്‍ പെട്ടെന്ന് പ്രത്യാക്രമണം നടത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിനിടെ ഭീകരര്‍ പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അറിയിച്ചിരുന്നത്. സൈനിക കേന്ദ്രത്തിന്റെ ഉള്‍ഭാഗത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള രീതിയിലാണ് ആക്രമണം നടന്നത്. ഇതുകൊണ്ടുതന്നെ അകത്ത് നിന്ന് സഹായം കിട്ടിയിട്ടുണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ജി.പി.എസ് ഉപകരണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്‍.ഐ.എയാണ് കേസ് അന്വേഷിക്കുന്നത്.
ആക്രമണത്തിലെ സുരക്ഷാ
പാളിച്ച പ്രതിരോധമന്ത്രി സമ്മതിച്ചു
ന്യൂഡല്‍ഹി: ഉറി ആക്രമണത്തിലെ സുരക്ഷാ പാളിച്ച സമ്മതിച്ച് പ്രതിരോധ മന്ത്രി. ജമ്മു കശ്മിരിലെ ഉറിയിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ ചില പാളിച്ചകള്‍ നടന്നുവെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സൂചിപ്പിച്ചത്.
ഉറിയിലെ ആക്രമണത്തെക്കുറിച്ച് എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാകില്ലെന്നു പറഞ്ഞ അദ്ദേഹം, ചില വീഴ്ചകള്‍ സംഭവിച്ചിരിക്കാമെന്ന് തുറന്നു പറയുകയായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും വെറുതെ വിടില്ല. ഇത്തരം ആക്രമണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തും. സുരക്ഷാ വീഴ്ചയുണ്ടായില്ല എന്ന് തന്നെ വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പരീക്കര്‍ പറഞ്ഞു. അതേസമയം ഉറി ആക്രമണത്തില്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ കേന്ദ്രം വൈകുന്നതിനെതിരേ ബി.ജെ.പിയില്‍ നിന്നും ശിവസേനയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാജ്യ സുരക്ഷയില്‍ പരീക്കര്‍ക്ക് ശ്രദ്ധയില്ലെന്ന് ശിവസേന ആക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."