നിലയ്ക്കല്‍ സംഭവം: ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി
പത്തനംതിട്ട: നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച ദുരൂഹ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കരുനാഗപ്പള്ളി കോഴിവിള ചേരിത്തുണ്ടിയില്‍ രാജേന്ദ്രന്‍ പിള്ള(55), ഭാര്യ ശുഭാ ബായി(50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കാര്‍ കത്തിച്ചത് എന്തുപയോഗിച്ചാണെന്ന് കണ്ടെത്താനായില്ല. പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ചാവാം എന്നു സംശയിക്കുന്നു. പൊലിസിന്റെ സയന്റിഫിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
നിലയ്ക്കല്‍ പഴയ പൊലിസ് സ്റ്റേഷനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കിടന്ന കാര്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഉഗ്രശബ്ദത്തോടെ കാറില്‍ തീ പടര്‍ന്നയുടനെ വെള്ളമൊഴിച്ചു കെടുത്താന്‍ പരിസരവാസികള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പമ്പ പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ശുഭയെ ഡ്രൈവിംഗ് സീറ്റിലും രാജേന്ദ്രന്‍ പിളളയെ സമീപത്തെ ഓടയ്ക്കരികിലുമായാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. കാറിന്റെ മുന്‍ഭാഗത്തെ ഇടത്തേ ഡോര്‍ തുറന്നിട്ട നിലയിലായിരുന്നു. തീ ആളിക്കത്തിയപ്പോള്‍ രാജേന്ദ്രന്‍ പിള്ള ഇതുവഴി പുറത്തേക്കു ചാടിയതാകാമെന്ന് സംശയിക്കുന്നു.
ചെറിയ സ്‌ഫോടനത്തോടെയാണ് കാര്‍ കത്തിയതെന്ന് ദൃക്‌സാക്ഷിയായ പ്രദേശവാസിയും ഗ്രാമ പഞ്ചായത്തംഗവുമായ രാജന്‍ വെട്ടിക്കല്‍ പറഞ്ഞു. കാറിനു സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ നിന്ന് രാജേന്ദ്രന്‍ പിള്ളയുടെയും ശുഭയുടെയും ഫോട്ടോ ലഭിച്ചിരുന്നു. ബാഗില്‍ പണവും ആഭരണങ്ങളുമുണ്ടായിരുന്നു. ''മരിച്ചു കഴിഞ്ഞാല്‍ അറിയിക്കണം'' എന്നെഴുതിയ കുറിപ്പും കണ്ടെത്തി. ഇതില്‍ മൂത്ത മകളുടെ പേരും ഫോണ്‍ നമ്പരും എഴുതിയിരുന്നു. ഫോണ്‍ നമ്പരിലേക്കു വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്നാണ് പമ്പ പൊലിസില്‍ നാട്ടുകാര്‍ വിവരം അറിയിച്ചത്.
ഇന്നലെ രാവിലെ ഇളയ മകളുടെ ഭര്‍ത്താവ് സ്ഥലത്തെത്തി ബാഗും ചെരുപ്പും തിരിച്ചിറിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി. കൂടുതല്‍ അന്വേഷണത്തിനായി പമ്പ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കരുനാഗപ്പള്ളിയിലെത്തി. ദുരൂഹത നീക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."