ബി.ജെ.പി നേതൃയോഗം: മോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന അദ്വാനി ശ്രദ്ധാകേന്ദ്രമാകും
കോഴിക്കോട്: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി നാളെ കോഴിക്കോട്ടു നടക്കാനിരിക്കെ എല്ലാ കണ്ണുകളും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയിലേക്കും മുരളീ മനോഹര്‍ ജോഷിയിലേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി ഇടഞ്ഞു നില്‍ക്കുന്ന രണ്ട് മുന്‍ അധ്യക്ഷന്മാരും ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നും പ്രസംഗിക്കുമോയെന്നുമാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്ത അദ്വാനി പ്രസംഗിക്കാന്‍ തയാറാകാതെ തന്റെ അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. യോഗത്തിന്റെ രണ്ടാം ദിവസം പ്രസംഗിക്കാനാണ് നിശ്ചയിച്ചതെങ്കിലും അദ്വാനി അതിന് തയാറായില്ല. അദ്വാനിയെ പ്രസംഗിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചുവെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. മോദി പ്രധാനമന്ത്രി പദവും അമിത് ഷാ പാര്‍ട്ടി നേതൃത്വവും ഏറ്റെടുത്ത ശേഷം അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഉന്നത നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് നീക്കിയിരുന്നു. 1980ല്‍ ബി.ജെ.പി രൂപീകരിച്ച കാലം മുതല്‍ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായിരുന്നു ഇരുവരും. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കൊപ്പം മാര്‍ഗദര്‍ശക് മണ്ഡലിലാണ് പിന്നീട് ഇവര്‍ക്ക് സ്ഥാനം നല്‍കിയത്. രൂപീകരണ കാലം മുതല്‍ പാര്‍ട്ടിയെ നയിച്ച വാജ്‌പേയ്-അദ്വാനി ദ്വയങ്ങളുടെ കാലം കഴിഞ്ഞെന്ന സന്ദേശമാണ് ഇതിലൂടെ പുതിയ നേതൃത്വം അണികള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്നാണ് വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നത്. പാര്‍ട്ടിയിലെ മോദി വിരുദ്ധ ക്യാംപ് സജീവമാകാനും ഈ നടപടികള്‍ കാരണമായി. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതില്‍ പ്രതിഷേധിച്ച് 2013ല്‍ ഗോവയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നിരുന്നു. എല്‍.കെ അദ്വാനി പരിപാടിക്കെത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ദീന്‍ ദയാല്‍ ഉപാധ്യായയുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന ദേശീയ സമ്മേളനത്തില്‍ അദ്വാനി പങ്കെടുക്കുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരിപാടിക്കെത്തി, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രസംഗിക്കാതെ മാറിനിന്നാല്‍ അത് ദോഷം ചെയ്യുമെന്നും ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നു.
പാര്‍ട്ടിയിലെ വിഭാഗീയത സമ്മതിച്ച് കുമ്മനം
കോഴിക്കോട്: ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. താന്‍ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്ന് കുമ്മനം പറഞ്ഞു. തന്നെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ദേശീയ ഉപാധ്യക്ഷനാകുന്നതില്‍ എതിര്‍പ്പില്ലെന്നും മുന്‍ അധ്യക്ഷന്മാര്‍ക്ക് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും കുമ്മനം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായ് കുമ്മനം ഗ്രൂപ്പിസമുണ്ടെന്ന് സമ്മതിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയതില്ലെന്നായിരുന്നു ബി.ജെ.പി ഇതുവരെ അവകാശപ്പെട്ടിരുന്നത്.
പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നതില്‍ കുമ്മനം തങ്ങളെ അവഗണിക്കുകയാണെന്ന്കാട്ടി രണ്ട് മുന്‍ അധ്യക്ഷന്‍മാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
കാലങ്ങളായി ബി.ജെ.പിയെ നിയന്ത്രിക്കുന്ന തങ്ങളെ വകവയ്ക്കാതെ പാര്‍ട്ടിയെ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കുമ്മനത്തിന്റെ ശ്രമത്തിനെതിരേ വി. മുരളീധരനും കൃഷ്ണദാസും കടുത്ത അമര്‍ഷത്തിലാണ്. ദേശീയ കൗണ്‍സിലില്‍ നിന്ന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി മുകുന്ദനെ മാറ്റി നിര്‍ത്തിയതും വിഭാഗീയതയുടെ പേരിലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അവഗണനക്കെതിരേ കെ. രാമന്‍പിളളയും ഇന്നലെ രംഗത്തുവന്നു. ഇതിനിടെയാണ് വിഭാഗീയതയുണ്ടെന്ന് കുമ്മനം തന്നെ പരസ്യമായി സമ്മതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."