ബാഡ്മിന്റണ്‍ കോര്‍ട്ടിലെ താരപ്പോരിനു ശനിയാഴ്ച തുടക്കം
കൊച്ചി:ബാഡ്മിന്റണ്‍ കോര്‍ട്ടിലെ താരപ്പോരിനു ശനിയാഴ്ച കൊച്ചിയില്‍ തുടക്കമാകും. ആദ്യ സീസണ്‍ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ഒന്നാം ഘട്ട ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച കൊച്ചി റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും. കഴിഞ്ഞ 17നു ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ഘട്ട മത്സരം ചെന്നൈയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരുന്നു. ഇതോടെയാണു കൊച്ചിയില്‍ ലീഗിന്റെ ആദ്യപോരാട്ട വേദിയാകുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ മലയാളത്തിന്റെ പ്രതിനിധികള്‍ അമ്മ കേരള റോയല്‍സാണ്. ക്യാപ്റ്റന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള ടീം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവസാന ഘട്ട പരിശീലനം ആരംഭിച്ചു. നരേനാണ് വൈസ് ക്യാപ്റ്റന്‍, അര്‍ജുന്‍ നന്ദകുമാര്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, പാര്‍വതി നമ്പ്യാര്‍, റോസിലിന്‍ ജോളി തുടങ്ങിയവരും ഇന്നലെ പരിശീലനത്തിനിറങ്ങി. മറ്റ് അംഗങ്ങള്‍ അടുത്ത ദിവസം പരിശീലനത്തില്‍ പങ്കെടുക്കും. ജോയി ആന്റണിയാണു പരിശീലകന്‍. നടന്‍ കുഞ്ചാക്കോ ബോബനെ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയാണു സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
മികച്ച തയാറെടുപ്പാണ് ഓരോ താരങ്ങളും നടത്തുന്നതെന്നു ടീം ക്യാപ്റ്റന്‍ ജയറാം പറഞ്ഞു. ഒരു മാസമായി എല്ലാവരും പരിശീലനത്തിലാണ്. ദേശീയ തലത്തില്‍ വരെ ബാഡ്മിന്റണ്‍ കളിച്ചിട്ടുള്ള താരങ്ങള്‍ മറ്റു ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. ഇവരോട് എളുപ്പം ജയിക്കാനാകില്ല. എന്നാല്‍ ടീം അംഗങ്ങള്‍ മികച്ച ആത്മവിശ്വാസത്തിലാണ്. മത്സരം നേടിയെടുക്കാമെന്ന വിശ്വാസത്തിലാണെന്നും ജയറാം പറഞ്ഞു.
മൂന്ന് പുരുഷ ഡബിള്‍സ്, രണ്ടു വനിതാ ഡബിള്‍സ്, ഒരു മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളാണു ലീഗ് ഘട്ടത്തില്‍ നടക്കുന്നത്. പ്രാഥമികമായി രാജീവ് പിള്ള-അര്‍ജുന്‍ നന്ദകുമാര്‍,നരേന്‍-സൈജു കുറുപ്പ്, റോണി-കുഞ്ചാക്കോ ബോബന്‍ എന്നീ ടീമുകളായിരിക്കും പുരുഷ ഡബിള്‍സില്‍ ഇറങ്ങുക. എന്നാല്‍ മറ്റു ടീമുകളുടെ കോമ്പിനേഷന്‍ അനുസരിച്ച് കുഞ്ചാക്കോ ബോബനൊപ്പം അര്‍ജുന്‍ നന്ദകുമാര്‍ പാര്‍ട്ണര്‍ ആകാനുള്ള സാധ്യതയുമുണ്ടെന്നു ജയറാം പറയുന്നു.
കേരളത്തെ കൂടാതെ തമിഴ് സിനിമാ താരങ്ങളുടെ ചെന്നൈ റോക്കേഴ്‌സ്, കന്നഡ താരങ്ങളുടെ കര്‍ണാടക ആല്‍പ്‌സ്, തെലുങ്കു താരങ്ങളുടെ ടോളിവുഡ് ടസ്‌ക്കേഴ്‌സ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. വെള്ളിയാഴ്ച മറ്റു ടീമുകള്‍ കൊച്ചിയിലെത്തും. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ കോംപ്ലിമെന്ററി പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."