കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ ഭൂമി പതിച്ചു നല്‍കല്‍ മന്ത്രി ഇടപെട്ടു നിര്‍ത്തിവയ്പിച്ചു
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഭൂമി പതിച്ചു നല്‍കല്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടു നിര്‍ത്തിവയ്പിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി പതിച്ചു നല്‍കുന്ന നടപടിയാണ് നിര്‍ത്തലാക്കുന്നത്. പൊതുവികസനത്തിനായി നീക്കിവച്ച ഭൂമി പതിച്ചു നല്‍കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി.
പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും ഭൂരേഖകളിലെ ആശയക്കുഴപ്പം പരിശോധിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം'സുപ്രഭാത'ത്തോടു പറഞ്ഞു. പഞ്ചായത്തില്‍ ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 'സുപ്രഭാത'മാണ്.
കരിന്തളം വില്ലേജിലെ റീസര്‍വേ നമ്പര്‍ 891ല്‍ പെടുന്ന സ്ഥലം പതിച്ചു നല്‍കാനുള്ള തീരുമാനത്തിനെതിരേ പഞ്ചായത്തു ഭരണസമിതി രംഗത്തു വന്നിരുന്നു. മുളിയാര്‍ വില്ലേജിലുള്ളവരെയാണു തെരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തയാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ മറ്റു വില്ലേജുകളില്‍ സ്ഥലം ഉള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു.
നടപടി തുടങ്ങും മുന്‍പ് സര്‍വേ സംഘം പഞ്ചായത്ത് അധികൃതരേയോ വില്ലേജുമായോ ബന്ധപ്പെട്ടിരുന്നില്ല. പി. കരുണാകരന്‍ എം.പിയുടെ ആദര്‍ശ് ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്ത പഞ്ചായത്തിന്റെ വികസനത്തിനു തടസമാകുന്ന തരത്തില്‍ ഭൂമി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കാണിച്ച് പഞ്ചായത്തു പ്രസിഡന്റ് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നിവേദനവും നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു കലക്ടര്‍ ജീവന്‍ബാബുവാണ് നടപടി നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയത്.
വിവിധ ഭാഗങ്ങളില്‍ റവന്യു ഭൂമി കൈയേറിയതു കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അനര്‍ഹര്‍ക്കു ഭൂമി നല്‍കിയിട്ടുണ്ടോയെന്നു പരിശോധിച്ച് പട്ടയം റദ്ദു ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിരിക്കുളത്തെയും പരിസര പ്രദേശങ്ങളിലെയും അനധികൃത കൈയേറ്റത്തിനെതിരേയും നടപടി ഉണ്ടാകും. പരപ്പ വില്ലേജിലെ പല സ്ഥലങ്ങളിലും ഭൂമി കൈയേറിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
ജവാന്മാര്‍ക്കു പതിച്ചു നല്‍കാനായി നീക്കിവച്ച ഭൂമിപോലും കൈയേറിയവയില്‍ പെട്ടിട്ടുണ്ട്. പത്തുവര്‍ഷത്തിനിടയില്‍ ഈ പ്രദേശങ്ങളില്‍ നടന്ന അനധികൃത ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു കാണിച്ച് നാട്ടുകാര്‍ മന്ത്രിക്കു പരാതിയും നല്‍കിയിരുന്നു.
ഒരേ സ്ഥലം ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ക്കു പതിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അതും പരിശോധിച്ചു തിരുത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരപ്പ വില്ലേജിലെ സര്‍വേ നമ്പര്‍ 155ല്‍ പെടുന്ന പ്രദേശത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിച്ചു നല്‍കിയ ഭൂമി വില്ലേജ് അധികൃതര്‍ മറ്റൊരു വ്യക്തിക്കു കൂടി പതിച്ചു നല്‍കിയിരുന്നു.
വര്‍ഷങ്ങളായി നികുതി അടക്കുന്ന സ്ഥലം രേഖകള്‍ പ്രകാരം മറ്റു പലരുടേയും പേരിലായ സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. ബിരിക്കുളം കരിയാര്‍പ്പ് പൊതു റോഡുള്‍പ്പെടെ പതിച്ചു നല്‍കിയിരുന്നു. സുപ്രഭാതം വാര്‍ത്തയെത്തുടര്‍ന്നു ഈ റോഡ് പതിച്ചു നല്‍കരുതെന്ന് എ.ഡി.എം വില്ലേജ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. കൈയേറ്റത്തിനും ഭൂമിയിടപാടുകള്‍ക്കും കൂട്ടുനിന്ന ജീവനക്കാര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
പൊതുഭൂമി തിട്ടപ്പെടുത്തണമെന്നാവശ്യം ശക്തം
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പൊതുഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പലയിടങ്ങളിലും അനധികൃത കൈയേറ്റങ്ങളും സ്ഥലം കൈമാറ്റങ്ങളും നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.
പഞ്ചായത്തിലെ വില്ലേജ് ഓഫിസുകളിലൊന്നും സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. അന്വേഷിച്ചു ചെല്ലുമ്പോള്‍ കൈമലര്‍ത്തേണ്ട സ്ഥിതിയിലാണ് റവന്യു അധികൃതര്‍. രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു പതിച്ചു നല്‍കിയതും ഭൂമി കൈമാറ്റം സംബന്ധിച്ചുമുള്ള രേഖകള്‍ വില്ലേജ് ഓഫിസുകളിലേക്ക് ലഭ്യമാക്കാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വികസന കാര്യങ്ങള്‍ക്കായി പഞ്ചായത്ത് അധികൃതര്‍ പൊതുസ്ഥലത്തിന്റെ സ്‌കെച്ച് ആവശ്യപ്പെടുമ്പോഴും കൃത്യമായി നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണു വില്ലേജ് അധികൃതര്‍. പൊതുസ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്തിയാല്‍ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്താനും കഴിയും. ഇതിനുള്ള നടപടികള്‍ ഉടനുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."