സ്ഥലം കൈയേറി വീട് നിര്‍മാണം: കുന്നൂരില്‍ 10 വീടുകള്‍ക്ക് സീല്‍വച്ചു
ഗൂഡല്ലൂര്‍: കുന്നൂര് നഗരസഭാ പരിധിയിലെ സേലാസ് കെന്ദള ഗ്രാമത്തില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറി വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് കോടതിയുടെ ഉത്തരവ് പ്രകാരം 10 വീടുകള്‍ക്ക് സീല്‍വച്ചു.
വീട്ടിനുള്ളിലെ ഉപകരണങ്ങള്‍ എടുത്തുമാറ്റിയതിനു ശേഷമാണ് വീടുകള്‍ക്കു സീല്‍വച്ചത്. 60 കുടുംബങ്ങളാണ് സ്ഥലം കൈയേറി വീട് നിര്‍മിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. നേരത്തെ സ്ഥലം ഉടമ സുരേഷ് ഇതുസംബന്ധിച്ച് കോടതിയില്‍ വീടുകള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുകിയിരുന്നു. പ്രസ്തുത സംഭവത്തില്‍ സുരേഷും കുടുംബവും കുന്നൂര് ആര്.ഡി ഓഫിസിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
എ.ഡി.എസ്.പിമാരായ ഭാസ്കരന്, അശോക് കുമാര്‍, ഡിവൈ.എസ്.പിമാരായ തിരുമേനി, മുത്തമിഴ്, ഇന്‍സ്പെക്ടര്‍മാരായ ബാലസുന്ദരം, ഷണ്മുഖസുന്ദരം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് വീടുകളൊഴിപ്പിച്ചത്.
അതേസമയം, ഉദ്യോഗസ്ഥസംഘം വരുന്നത് അറിഞ്ഞ കുടുംബങ്ങള്‍ വീട് പൂട്ടിപ്പോവുകയായിരുന്നു. നാലു മണിക്കൂറോളം വീട്ടുകാരെ കാത്തിരുന്ന ശേഷമാണ് വീട്ടുപകരണങ്ങള്‍ എടുത്തുമാറ്റി വീടുകള്‍ക്കു സീല്‍വച്ചത്.
ബാക്കിയുള്ള വീടുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയണമെന്നു റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."