കാറുകള്‍ വാടകക്കെടുത്ത് പണയം വെച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
പട്ടാമ്പി: മുന്തിയ ഇനം കാറുകള്‍ വാടകക്കെടുത്ത് പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന രണ്ടു പേരെ പട്ടാമ്പി പൊലിസ് അറസ്റ്റ് ചെയ്തു. കൊടുമുണ്ട സ്വദേശി പള്ളിയാലില്‍ മണികണ്ഠന്(37) മുണ്ടായ വടക്കന്മാരില് സിബിലാല്‍ (26)എന്നിവരെയാണ് പട്ടാമ്പി എസ്.ഐ പി.എസ് സുരേഷ്, സി.ഐ ലെയ്സാദ് മുഹമ്മദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കേസില്‍ ഒരാള്‍കൂടി അറസ്റ്റിലാവാനുണ്ടെന്നും പൊലിസ് അറിയിച്ചു. കാറുകള്‍ വാടകക്ക് എടുത്ത് പണയം വെക്കുകയും ഉടമകളറിയാതെ വില്‍ക്കുകയും ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുകയാണ് പ്രതികളുടെ രീതിയെന്നും പൊലിസ് പറഞ്ഞു.
ഇത്തരത്തില്‍ കാറുകള്‍ തിരിച്ച് കിട്ടാത്ത ഉടമകള്‍ നല്കിയ പരാതികളിലാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പണയം വെച്ച നാലോളം കാറുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ക്രൈം സ്ക്വാഡ് അംഗങ്ങളായ വിനോദ്, റഷീദ്, ബിജു, ഷാജഹാന്, മുഹമ്മദ് ബഷീര്‍, ജയദേവന് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."