ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട
പാലക്കാട്: പാലക്കാട്-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ രണ്ടി കിലോ 170 ഗ്രാം കഞ്ചാവ് പിടികൂടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ സലാമിന്റെ മകന്‍ ഷെഫീഖിനെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പാലക്കാട് എക്‌സൈസ് സ്വകാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. എക്‌സൈസിന്റെയും ആര്‍.പി.എഫിന്റെയും പ്രത്യേക പരിശോധനയ്ക്കിടെയായിരുന്നു ഇവ പിടികൂടിയത്.
റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഷെഫീക്കിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സേലത്തുനിന്നും കഞ്ചാവ് മൊത്തത്തിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് നടത്തുന്ന കച്ചവടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തന്റെ പക്കലെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതാദ്യമായാണ് കഞ്ചാവ് കടത്തിയതിന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് നടക്കുന്നത്. കാലങ്ങളായി കഞ്ചാവ് കടത്തിനെപ്പറ്റി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല.
സംസ്ഥാനത്തുടനീളം മയക്കുമരുന്നു മാഫിയയും അനധികൃത മയക്കുമരുന്നു വില്‍പ്പനയും വ്യാപകമായി വിലസുകയാണ്.
എക്‌സൈസും പൊലിസും കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും വളരെ ചെറിയ തോതില്‍ മാത്രമാണ് ഇവ പിടികൂടുന്നത്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടക്കുന്നത്. ഇതിനെതിരേ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് പരാതിയുണ്ട്.
അതേ സമയം പലയിടത്തും ഇത്തരം ക്ലാസുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഇതു സംബന്ധിച്ച് നല്‍കുന്ന സൂചനകളാണ് ചെറിയ തോതിലെങ്കിലും കഞ്ചാവ് സംഘങ്ങളെ പിടികൂടാന്‍ കഴിയുന്നത്.
സി.ഐ രമേഷ്, ജയപ്രകാശന്‍, പ്രശാന്ത്, സിവില്‍ എക്‌സൈസ് പ്രിവറ്റീവ് ഓഫിസര്‍ ജഗജിത്ത്, പ്രതാപ് സിങ്, ഡ്രൈവര്‍ ലൂക്കോസ്, ആര്‍.പിഎഫ്. എ.എസ്.ഐ സുനില്‍ കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ വിജേഷ്, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."