മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താറുമാറാകുന്നു
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോള്‍ ദുരിതം മാത്രം കൂട്ടായി നിര്‍ധന രോഗികള്‍. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യ മന്ത്രി ആശുപത്രിയില്‍ നേരിട്ട് എത്തിയിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ല. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം അപ്പാടെ താറുമാറാകുന്ന സ്ഥിതിയാണ്.
അര്‍ബുധ രോഗികള്‍ക്ക് മികച്ച ചികിത്സ സൗകര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെല്ലാം അധികൃതരുടെ വീഴ്ചയും, അനാസ്ഥയുമെല്ലാം എവിടെയും എത്താതെ കിടപ്പിലാണ്. ആകെയുള്ള ഒരു റേഡിയേഷന് യന്ത്രം പ്രവര്‍ത്തനം നിലച്ചിട്ട് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. അറ്റകുറ്റപണികള്‍ നടത്തുന്നതിന് ആര്‍ക്കും ഒരു താല്പര്യവുമില്ലാത്ത സ്ഥിതിയാണ്. ആയിരങ്ങള്‍ മുടക്കി റേഡിയേഷന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. പുതിയ മെഷീന് സ്ഥാപിക്കുന്നതിന് 2011 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും തുക ഇതുവരെ മെഡിക്കല്‍ കോളജിന് ലഭ്യമായിട്ടില്ല.
റേഡിയേഷന് വേണ്ടി പ്രതീക്ഷയോടെ എത്തുന്ന രോഗികള്‍ക്ക് മുന്നില്‍ അടച്ചിട്ട വാതിലും റേഡിയേഷന് നിര്‍ത്തിവെച്ചതായി അറിയിച്ച് കൊണ്ടുള്ള ബോര്‍ഡും മാത്രമാണ് ഉള്ളത്. പ്രതിസന്ധി പരിഹരിക്കാന്‍ ഇനിയും നാല് മാസമെങ്കിലും വേണ്ടി വരുമെന്ന് അധികൃതര്‍ തന്നെ പറയുന്നു.
റേഡിയേഷന് എത്തുന്നവരെ എറണാകുളത്തേയക്കും, തിരുവനന്തപുരത്തേക്കും പറഞ്ഞ് വിടുകയാണ്. അതീവ ഗുരുതരമായ സ്ഥിതി വിശേഷം നില നില്‍ക്കുമ്പോഴും ആശുപത്രി വികസന സമിതി യോഗം വരെ വിളിച്ച് ചേര്‍ക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതിനെതിരേയും പ്രതിഷേധം കനക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."