ഇടതു സര്‍ക്കാര്‍ മദ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നതു ഗുരുനിന്ദ: വി.എം സുധീരന്‍
കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാര്‍ ജാതിചിന്തയ്‌ക്കെതിരേ ഗുരുസന്ദേശം പ്രചരിപ്പിക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നതു ഗുരുനിന്ദയാണെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'നമുക്ക് ജാതിയില്ലെ'ന്ന ശ്രീനാരായണ ഗുരു ആശയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുധീരന്‍.
'നമുക്ക് ജാതിയില്ല' എന്ന ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പിന്തുടരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിനെ ആദരിക്കാന്‍ ശ്രമം തുടങ്ങിയത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍ മറുഭാഗത്ത് ഗുരുവിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായി മദ്യനയത്തെ പ്രോത്സാഹിപ്പിക്കുകയും വ്യാപകമാക്കാന്‍ ശ്രമിക്കുകയുമാണു ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സമസ്ത മേഖലകളിലും ഗുണകരമായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം. അത് അപ്പാടെ അട്ടിമറിക്കാനാണ് ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് മുന്നോട്ടു പോവുന്നത്.
ഓരോ ദിവസവും ഓരോ മന്ത്രിമാരും മദ്യത്തെ പറ്റി ഓരോന്നു പറയുകയാണ്. ഇതു മദ്യലോബികളെ സഹായിക്കാന്‍ ഒരുങ്ങുന്നുവെന്നതിന്റെ ടെസ്റ്റ് ഡോസാണ്.
ഓണക്കാലത്തു മദ്യത്തിന്റെ ഉപയോഗം കൂട്ടാന്‍ വേണ്ടി വിലകുറഞ്ഞ മദ്യം വിതരണം ചെയ്യണമെന്നു കാണിച്ചു ബീവറേജസ് എം.ഡി അയച്ച രഹസ്യ കത്ത് പുറത്തു വന്നത് ഇതാണു തെളിയിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. മദ്യം നല്‍കിയില്ലെങ്കില്‍ ടൂറിസ്റ്റ് മേഖല തകര്‍ന്നു പോകുമെന്ന വാദം പൊള്ളയാണ്.
ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് സര്‍ക്കാര്‍ കാണണം. അവിടെ ഒരു തുള്ളി മദ്യംപോലും വില്‍ക്കുന്നില്ലെങ്കിലും ടൂറിസ്റ്റുകള്‍ വന്‍തോതില്‍ എത്തുന്നു.
അന്താരാഷ്ട്ര തലത്തിലുള്ള 15 മദ്യകുത്തകകള്‍ക്കു വേണ്ടി കേരളത്തില്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."